ലക്‌നൗ: വീട്ടിലിരുന്ന് ഭഗവത് ഗീത വായിച്ചയാളെ മർദിച്ച രണ്ടുപേരെ അലിഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സമീർ (20), സാക്കിർ (21) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ ഗേറ്റ് പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസിക്കുന്ന 42 കാരനായ ദിൽഷർ ഖാനാണ് ആക്രമണത്തിനിരയായത്.

വ്യാഴാഴ്ച രാവിലെ വീട്ടിലിരുന്ന് ഭഗവത് ഗീത വായിക്കുകയായിരുന്നു ദിൽഷർ ഖാൻ. ഈ സമയം വീട്ടിലേക്ക് എത്തിയ സമീറും സാക്കിറും ചേർന്ന് ദിൽഷറെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെളളിയാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡൽഹി ഗേറ്റ് പൊലീസ് സേറ്റഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇന്ദ്രേഷ് പാൽ സിങ് പറഞ്ഞു.

എല്ലാ ദിവസവും രാവിലെ താൻ ഭഗവത് ഗീതയും രാമായണവും വായിക്കാറുണ്ടെന്നും സമീറും സാക്കിറും ഇതു പാടില്ലെന്ന് പലതവണ വിലക്കിയതായും ഖാൻ പറഞ്ഞെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഇരുവരും ദിൽഷറിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തെ മർദിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ ഇടപെട്ടതോടെ ഇരുവരും അവിടെനിന്നും പോയി. വിശുദ്ധ ഗ്രന്ഥങ്ങളും എടുത്തു കൊണ്ടു പോയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരർക്കുമെതിരെ കേസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook