ഗുവാഹത്തി: വാഹന മോഷ്ടാവെന്നാരോപിച്ച് മണിപ്പൂരിലെ ഇംഫാലിൽ യുവാവിനെ തല്ലിക്കൊന്നു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 26 കാരനായ ഫറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നാലെ പ്രദേശത്ത് വർഗ്ഗീയ സംഘർഷം ഉണ്ടായേക്കുമെന്ന ഭീതി ഉയർന്നിട്ടുണ്ട്.

കൊല്ലപ്പെട്ട ഫറൂഖ് എംഎബിഎ ബിരുദധാരിയാണ്. തറോയ്ജം ഗ്രാമത്തിൽ കാറിലെത്തിയ ഫറൂഖിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അക്രമികൾ കാർ പൂർണമായും തല്ലിത്തകർത്തു. ഫറൂഖിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ, സംഭവത്തിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. ആക്രമണത്തിൽ സ്റ്റേഷൻ ഇൻ ചാർജുണ്ടായിരുന്ന ഉദ്യോഗസ്ഥന് പരുക്കേറ്റു.

ഫറൂഖും കൂട്ടുകാരും ചേർന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചുവെന്നാണ് ഗ്രാമവാസികൾ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഫറൂഖിനെ ആക്രമിച്ച 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഫറൂഖ് നിരപരാധിയാണെന്നും സംഭവത്തിൽ സർക്കാർ കൃത്യമായ അന്വേഷണം നടത്തണമെന്നും മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടു. സുഹൃത്തിനെ കാണാനാണ് ഫറൂഖ് ഗ്രാമത്തിലെത്തിയതെന്നാണ് ഇവർ പറയുന്നത്. മണിപ്പൂർ മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. സെപ്റ്റംബർ 22 ന് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മണിപ്പൂർ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook