/indian-express-malayalam/media/media_files/uploads/2018/07/mob-lynching-.jpg)
അഹമ്മദാബാദ്: മോഷ്ടാവെന്നാരോപിച്ച് ഗുജറാത്തിൽ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു യുവാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പൊലീസ് ആൾക്കൂട്ട കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
മോഷ്ടാക്കളെന്നാരോപിച്ചാണ് 20 പേരടങ്ങിയ സംഘം യുവാക്കളെ ആക്രമിച്ചത്. അജ്മൽ വഹോനിയ (22) ആണ് ആക്രമണത്തിൽ മരിച്ചത്. ഇയാളുടെ സുഹൃത്ത് ഭാരു മാത്തൂർ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവരും ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജയിൽ മോചിതരായത്. മോഷണം, കവർച്ച, വർഗ്ഗീയ ലഹള എന്നീ കുറ്റങ്ങൾക്കാണ് ഇരുവരും ജയിലിലായത്.
ആക്രമിച്ചവരും ആക്രമണത്തിന് ഇരയായവരും ദലിതരാണ്. സംഭവത്തിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അടുത്തിടെ രാജസ്ഥാനിലെ ആൾവാറിൽ പശു കടത്തിയെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഹരിയാന സ്വദേശിയായ അക്ബർ ഖാൻ ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ തന്റെ ഗ്രാമമായ ഗോൽഗൻവിൽനിന്നും രണ്ടു പശുക്കളുമായി റാംഗഡിലെ ലാവണ്ടി വില്ലേജിലേക്ക് വരുമ്പോഴാണ് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.