ന്യൂഡല്‍ഹി: രാജ്യം ഹോളി ആഘോഷിക്കുന്നതിനിടെ തലസ്ഥാന നഗരിയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. പശ്ചിമ ഡല്‍ഹിയിലെ കാണ്‍പൂരിലാണ് സംഭവം. ആശിഷ് എന്ന യുവാവിനാണ് ഇരുപതോളം പേരടങ്ങുന്ന ആക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.

വടികളും ഇരുമ്പ് ദണ്ഡുകളുമുപയോഗിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ആശിഷിന്റെ ദേഹത്ത് 50 കുത്തുകള്‍ ഏറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ജിമ്മില്‍ പോയി മടങ്ങി വരുന്നതിനിടെ ആയിരുന്നു ആശിഷിനെ സംഘം ആക്രമിച്ചത്.

മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ ആശിഷിനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പിന്നാലെ പത്തിലധികം ബൈക്കുകളില്‍ മറ്റുള്ളവരും സ്ഥലത്തെത്തുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം, ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകളുമായി ആശിഷ് സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇവരാണ് ഇപ്പോള്‍ ആശിഷിനെ മര്‍ദ്ദിച്ചതെന്നുമാണ് വിലയിരുത്തുന്നത്. ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഘത്തെ ആശിഷ് എതിര്‍ത്തതായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

അക്രമികള്‍ സ്ഥലത്തു നിന്നും പോയതിന് ശേഷമാണ് പ്രദേശവാസികള്‍ ആശിഷിന് അരികിലെത്തിയതും ആശുപത്രിയിലെത്തിച്ചതും. അതേസമയം, സംഭവത്തെ കുറിച്ച് അറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് എത്തിയതെന്നും ആരോപണങ്ങളുണ്ട്.

(വീഡിയോ കടപ്പാട്: എന്‍ഡി ടിവി)

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ