മുംബൈ: യുഎസിൽനിന്നും മുംബൈയിലെത്തിയ 29 കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇയാൾ ഫൈസർ വാക്സിന്റെ മൂന്നും ഡോസും എടുത്തിരുന്നുവെന്ന് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു. ന്യൂയോർക്കിൽനിന്നും നവംബർ ഒൻപതിനാണ് ഇയാൾ മുംബൈ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽവച്ചു നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
പിന്നീട് ഇയാളുടെ സ്രവ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) ജീനോ സീക്വൻസിങ്ങിനായി അയക്കുകയും അവിടെവച്ചു നടത്തിയ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ബിഎംസി പറഞ്ഞു. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 14 ആയി. ഇതിൽ 13 പേരെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു.
അതേസമയം, രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം വെള്ളിയാഴ്ച 100 കടന്നതോടെ, അനാവശ്യ യാത്രകളും ബഹുജന സമ്മേളനങ്ങളും ഒഴിവാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദേശം. പുതുവർഷ ആഘോഷങ്ങൾ ഉൾപ്പെടെ ലളിതമായി നടത്താൻ ശ്രദ്ധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
Read More: ഒമിക്രോൺ: 24 ജില്ലകളിൽ പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് ഐസിഎംആർ