ന്യൂഡൽഹി: കാമുകിക്ക് സമ്മാനം നൽകാനായി വാച്ച് മോഷ്ടിച്ച കാമുകനെ പൊലീസ് പിടികൂടി. 90,000 വിലയുളള റാഡോ വാച്ചാണ് കാമുകിക്ക് സമ്മാനം നൽകാനായി 22 കാരനായ യുവാവ് മോഷ്ടിച്ചത്. സംഭവത്തിൽ ബിടെക് ബിരുദധാരിയായ വൈഭവ ഖുരാനയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ ഹോട്ടലിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് യുവാവ്.
ജൂലൈ 23 നാണ് 90,000 രൂപ വിലയുളള റാഡോ വാച്ച് ഡിസ്കൗണ്ടിൽ 67,000 രൂപയ്ക്ക് ഓൺലൈനിൽ ബുക്ക് ചെയ്തതെന്ന് വൈഭവയ്ക്കെതിരെ പൊലീസിൽ ലഭിച്ച പരാതിയിൽ പറയുന്നു. വാച്ചുമായി ഡെലിവറി ബോയ് സ്ഥലത്തെത്തിയപ്പോൾ പണം നൽകാമെന്ന് പറഞ്ഞ് നോർത്ത് ഡൽഹിയിലെ സിവിൽ ലൈൻസ് ഏരിയയിലെ അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയി. അപ്പാർട്മെന്റിലെത്തി ഹോണിങ് ബെൽ അടിച്ചശേഷം യുവാവ് അവിടെനിന്നും ഇറങ്ങിയോടി. ഡെലിവറി ബോയിയുടെ ബൈക്ക് എടുത്ത് കടന്നുകളഞ്ഞുവെന്നാണ് പരാതിലുളളതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് നൂപുർ പ്രസാദ് പറഞ്ഞു.
യുവാവിന്റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ നിരന്തരം ഫോണിലേക്ക് ഒരു പെൺകുട്ടിയുടെ നമ്പരിൽനിന്നും കോളുകൾ വന്നിരുന്നതായി കണ്ടെത്തി. പെൺകുട്ടിയുടെ കാമുകനാണ് യുവാവെന്ന് പൊലീസ് കണ്ടെത്തുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാമുകിക്ക് സർപ്രൈസ് നൽകാനായാണ് വാച്ച് മോഷ്ടിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.