മുംബൈ: അയോധ്യ ഭൂമിത്തര്‍ക്ക കേസ് വിധി വരുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മഹാരാഷ്ട്രയില്‍ 56 കാരനെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം. ‘രാമജന്മഭൂമിക്ക് നീതി ലഭിക്കണം’ എന്ന കുറിപ്പോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
“രാമജന്മഭൂമിക്ക് നീതി ലഭിക്കണം. ചരിത്രത്തിലെ കരിനിഴല്‍ മാറ്റപ്പെടണം” എന്നായിരുന്നു ഇയാളുടെ വിവാദ പോസ്റ്റ്. ഇതിനു പിന്നാലെയാണ് ആഗ്ര റോഡിലുള്ള വീട്ടില്‍ നിന്നു സഞ്ജയ് രാമേശ്വറിനെ അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 153 (1) ബി, സെക്ഷന്‍ 188 (ഐപിസി) എന്നിവ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ശര്‍മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇയാളെ രണ്ടു തവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അയോധ്യ കേസ്: സുപ്രീംകോടതി വിധിയുടെ പൂർണരൂപം ഇവിടെ വായിക്കാം
അതേസമയം, അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
Read Also: Ayodhya Verdict: അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ
2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമ്മിക്കാം. അതേസമയം, മുസ്ലിങ്ങൾക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയിൽ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയിൽ അനുയോജ്യമായ സ്ഥത്ത് അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനു നൽകണം. ഇതിനു കേന്ദ്ര സർക്കാർ മുൻകൈയെടുക്കണം. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.