ലക്നൗ: ഉത്തര്‍പ്രദേശില്‍ സെക്രട്ടറിയേറ്റിന് പുറത്ത് നടുറോഡില്‍ മധ്യവയസ്കന്‍ നിസ്കാരം നടത്തിയത് പൊലീസിനേയും വഴിയാത്രക്കാരേയും കുഴപ്പിച്ചു. ഇയാളുടെ അരയില്‍ ഒരു കഠാരയും തിരുകിയിട്ടുണ്ടായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഇയാള്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിച്ചു. സംഭവം നടക്കുമ്പോള്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു. പ്രദേശത്തെ ഒരു പളളിയില്‍ ജോലി ചെയ്യുന്ന റഫീഖ് അഹമ്മദ് എന്നയാളാണ് ഇതെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് സ്ഥലത്ത് നിന്നും പോയ ഇയാളെ ലക്നൌ എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു. ‘റോഡ് ഗതാഗതം തടസ്സപ്പെടുത്തി പൊതുജനത്തെ ബുദ്ധിമുട്ടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണവും നടക്കുന്നുണ്ട്,’ എസ്പി കലാനിഥി നൈതാനി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. സംഭവം നിസ്സമാരമായി കണ്ട് ഇയാളെ റോഡില്‍ നമസ്കരിക്കാന്‍ അനുവദിച്ചതിനാണ് നടപടിയെന്ന് എസ്പി പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് 20 മിനുട്ടോളമാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിന് പുറത്ത് ഗതാഗതം തടസ്സപ്പെട്ടത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് പൊലീസ് ഉദ്യോഗസ്ഥും ട്രാഫിക് പൊലീസുകാരും സംഭവം വീക്ഷിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലിലുടെയും സോഷ്യല്‍മീഡിയയിലുടെയും ദൃശ്യങ്ങള്‍ പ്രചരിച്ചു. നിസ്കരിച്ചതിന് പിന്നാലെ മുദ്രാവാക്യം മുഴക്കിയ അഹമ്മദ് തന്റെ സ്കൂട്ടറിലാണ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം സെക്രട്ടറിയേറ്റിന് ചുറ്റും സുരക്ഷ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook