ഹൈദരാബാദ്: ദുരഭിമാനക്കൊലയുടെ പുതിയ ഇര 13കാരിയായ തെലങ്കാന സ്വദേശി രാധിക. ആണ്‍കുട്ടികളോടും പുരുഷ്മാരായ അധ്യാപകരോടും അടുപ്പത്തോടെ ഇടപഴകി സംസാരിച്ചുവെന്നു പറഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് കുട്ടിയെ കഴുത്തു ഞെരിച്ചും ചുമരില്‍ മുഖം ഇടിച്ചും കൊന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പിന്നീട് മൃതദേഹത്തിന് തീയിട്ടു.

തെലങ്കാന നല്‍ഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് സംഭവം നടന്നത്. മകള്‍ രാധിക സ്‌കൂള്‍ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് അച്ഛന്‍ നരസിംഹയെ ചൊടിപ്പിച്ചത്. കുട്ടി വീട്ടിലെത്തിയ ഉടന്‍ ഇതിന്റെ പേരില്‍ നരസിംഹ മകളുടെ തല ചുമരിനോട് ചേര്‍ത്ത് ഇടിക്കുകയും കഴുത്തു ഞെരിക്കുകയുമായിരുന്നു. കുടുംബത്തിന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നു എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.

പിന്നീട് കുട്ടിയുടെ മൃതദേഹം ഭാര്യ ലിംഗമ്മയുടെ സഹായത്തോടെ നരസിംഹ തീയിടുകയായിരുന്നു. ശവസംസ്‌കാരത്തിന് എളുപ്പം തയാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

‘ശരീരത്തിന് തീപിടിച്ചാല്‍ അപകടത്തില്‍പെട്ടയാള്‍ ഒരു സ്ഥലത്ത് തന്നെ നില്‍ക്കാതെ ഓടും. ഇങ്ങനെ ഓടുമ്പോള്‍ ചുറ്റിലുമുള്ള വസ്തുക്കള്‍ക്ക് തീപിടിക്കും. ഇത്തരത്തിലുള്ള സൂചനകളൊന്നും സമീപത്ത് നിന്ന് ലഭിച്ചിട്ടില്ല. കുട്ടിയുടെ മൃതദേഹം ഒരുഭാഗത്തു നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇതു കൊലപാതകം തന്നെയാണെന്ന് തുടക്കത്തിലെ സംശയം തോന്നിയെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു

മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook