ന്യൂഡൽഹി: ഗോരക്ഷാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതിന് പിന്നാലെ ജാര്‍ഖണ്ഡിലെ രാംഘഢില്‍ ബീഫ് കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. അലീമുദ്ധീന്‍ അസ്ഗര്‍ അന്‍സാരി എന്നയാളെയാണ് ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നത്.

മാരുതി വാനില്‍ സഞ്ചരിക്കുകയായിരുന്ന അലീമുദ്ധീനെ ബജര്‍തണ്ഡ് ഗ്രാമത്തില്‍വെച്ച് ഒരുകൂട്ടം ആള്‍ക്കാര്‍ തടഞ്ഞുവെക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ വാഹനത്തിന് തീയിടുകയും ചെയ്തു. സ്ഥലത്ത് പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More : ജുനൈദ് വധം; സര്‍ക്കാര്‍ ജീവനക്കാരനടക്കം നാലുപേര്‍ അറസ്റ്റില്‍

മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് കൊലപാതകം നടന്നിട്ടുളളതെന്ന് എഡിജിപി ആര്‍കെ മാലിക് പ്രതികരിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയ കേിസലും കൊലപാതക കേസിലും ഉള്‍പ്പെട്ട അലീമുദ്ധീനെ ബീഫ് വ്യാപാരം നടത്തുന്ന ചിലര്‍ കൊലപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പശുവിന്റെ പേരിൽ രാജ്യത്താകമാനം അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞ് ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്.

“പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അംഗീകരിക്കില്ല”​എന്ന് അദ്ദേഹം അഹമ്മദാബാദിലെ സബർമതി ആശ്രമം നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. “വ്യക്തികൾക്ക് നിയമം കൈയ്യിലെടുക്കാൻ അവകാശം ഇല്ല. പശുക്കളെ സംരക്ഷിക്കാനെന്ന പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അസ്വീകാര്യമാണ്. ഇന്ത്യ അഹിംസയുടെ നാടാണ്. അക്രമം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല” എന്നും അദ്ദേഹം പറഞ്ഞു.”പശുക്കളെ സംരക്ഷിക്കണമെന്ന പേരിൽ ചിലർ നടത്തുന്ന അക്രമങ്ങൾ എന്നെ രോഷാകുലനാക്കി. രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന് ഇറങ്ങുന്നവരാണ് പകൽ സമയത്ത് പശു സംരക്ഷകരുടെ മുഖം മൂടി അണിയുന്നത്” പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Read More : ‘ജുനൈദ് റെയില്‍വേസ്റ്റേഷനില്‍ രക്തംവാര്‍ന്നു മരിച്ചപ്പോള്‍ ആരും ഒന്നും കാണുന്നുണ്ടായിരുന്നില്ല’

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ