കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തി. ഒരു മുൻ പ്രധാനമന്ത്രി, മൂന്ന്​ മുഖ്യമന്ത്രിമാർ, ആറ്​ മുൻ മുഖ്യമന്ത്രിമാർ, അഞ്ച്​ മുൻ കേന്ദ്ര മന്ത്രിമാർ എന്നിവർ ‘ഐക്യ ഇന്ത്യ’ റാലിയിൽ പ​​ങ്കെടുത്തു.

ഐക്യപ്രതിപക്ഷത്തിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുളള സമയമല്ല ഇതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ‘നമ്മള്‍ അത് പിന്നീട് കണ്ടെത്തും. മോദിയേയും ബിജെപിയേയും പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. വര്‍ഷങ്ങളായി രാജ്യത്തെ കൊളളയടിച്ച ബിജെപി പിന്നോട്ട് പോയെന്നും മമത പറഞ്ഞു. ‘ബിജെപി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പദ്ധതികളുടെ അവകാശവാദം ഉന്നയിക്കുകയാണ് കേന്ദ്രം. എന്‍ഫോഴ്സ്മെന്റിനേയും സിബിഐയേയും അവര്‍ തകര്‍ത്തു. നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബാങ്കിലുളള നിങ്ങളുടെ പണം പോലും തിരികെ കിട്ടില്ല. രഥയാത്രയുടെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സമ്മതിക്കില്ല. ബംഗാളില്‍ അക്രമം നടത്താന്‍ ബിജെപിയെ വിടില്ല,’ മമത ബാനര്‍ജി പറഞ്ഞു.

വിമത ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹയും മോദിക്കെതിരെ ആഞ്ഞടിച്ചു. റഫാലില്‍ എന്തുകൊണ്ടാണ് മോദി മിണ്ടാതിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘കരാറിനെ കുറിച്ച് ചുരുക്കം ചില ചോദ്യങ്ങള്‍ മാത്രമാണ് പ്രതിപക്ഷം ചോദിക്കുന്നത്. നിങ്ങള്‍ ഉത്തരം പറയുവോളം രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണെന്ന് ജനങ്ങള്‍ പറയും. പാര്‍ട്ടിയില്‍ നിന്നുംസ പുറത്താക്കുമെന്നതില്‍ ഭയമില്ലെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ്​ നേതാവുമായ എച്ച്​.ഡി.ദേവഗൗഡ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, എൽജെപി നേതാവ്​ ശരത്​ യാദവ്​, എസ്‌പി അധ്യക്ഷൻ അഖിലേഷ്​ യാദവ്​, എൻസിപി അധ്യക്ഷൻ ശരത് പവാർ, മുൻ അരുണാചൽ പ്രദേശ്​ മുഖ്യമ​ന്ത്രി ജിഗോങ്​ അപാങ്​, നാഷണൽ കോൺഫറൻസ്​ നേതാവ്​ ഉമർ അബ്​ദുള്ള, പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ഫറൂഖ്​ അബ്​ദുല്ല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്​രിവാൾ, ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, രാഷ്​ട്രീയ ജനതാദൾ നേതാവ്​ തേജസ്വി യാദവ്, ഡിഎംകെ നേതാവ്​ എം.​കെ.സ്​റ്റാലിൻ, മുൻ ബിജെപി നേതാക്കളായ യശ്വന്ത്​ സിൻഹ, അരുൺ ഷൂരി, രാംജത്​മലാനി, ശത്രുഘ്​നൻ സിൻഹ, ഗുജറാത്തിലെ ബിജെപി വിരുദ്ധ നേതാക്കളായ ഹാർദിക്​ പ​ട്ടേൽ, എംഎൽഎ ജിഗ്​നേഷ്​ മേവാനി തുടങ്ങിയവരാണ്​ റാലിയിൽ പ​ങ്കെടുക്കുന്നത്​.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്തെ തകര്‍ത്തെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ‘ഇന്ന് രാജ്യം അവരെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ്. മോദി കളളം പറഞ്ഞും യുവാക്കള്‍ക്ക് ജോലി വാഗ്‌ദാനം ചെയ്തും വോട്ട് നേടി. എന്നാല്‍ ഇന്ന് ജോലിയും ഇല്ല കര്‍ഷകര്‍ ബുദ്ധിമുട്ടിലും ആണ്. വിളകള്‍ നശിക്കുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ ആണ് പ്രധാനമന്ത്രി ഫോളോ ചെയ്യുന്നത് എന്നത് സ്ത്രീകളെ അലട്ടുന്നുണ്ട്,’ കേജ്‌രിവാള്‍ പറഞ്ഞു.

ബംഗാള്‍ രാജ്യത്തെ മറ്റുളളവര്‍ക്ക് വഴി കാട്ടുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി രാജ്യത്ത് വിദ്വേഷം പരത്തി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയും മായാവതിയും റാലിയിൽ പ​ങ്കെടുക്കുന്നില്ലെങ്കിലും പ്രതിനിധികളെ അയച്ചു. മല്ലികാർജുൻ ഖാർഗെ, മനു അഭിഷേക്​ സിങ്​വി എന്നിവരെയാണ്​ കോൺഗ്രസ്​ പ്രതിനിധികളായി അയച്ചത്​. ബിഎസ്​‌പി പ്രതിനിധിയായി മുതിർന്ന നേതാവ്​ സതീഷ്​ ചന്ദ്ര മിശ്ര പ​ങ്കെടുക്കുന്നുണ്ട്​. ബിജു ജനതാദൾ, സിപിഎം എന്നീ പാർട്ടികൾ ഒഴികെ 22 പ്രതിപക്ഷ പാർട്ടികൾ റാലിയിൽ പ​ങ്കെടുക്കുന്നു. ബംഗാൾ മുഖ്യമന്ത്രജി മമത ബാനർജിയാണ്​ റാലിയുടെ അധ്യക്ഷ സ്​ഥാനം വഹിച്ചത്​.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ