കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാരും ബിജെപിയും തമ്മിലുള്ള പോര് അതിരൂക്ഷമാകുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണം പിടിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിക്ക് രാഷ്ട്രീയമായി മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് മമത ബാനർജി. ബിജെപിക്കെതിരെ പ്രതിപക്ഷ നേതാക്കളെ അണിനിരത്തി കൊൽക്കത്തയിൽ റാലി സംഘടിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ആലോചിക്കുന്നു. ജനുവരിയിലായിരിക്കും റാലി.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രം ഇടപെടുന്നുവെന്ന് മമത ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് , ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ എന്നിവർക്ക് മമത നന്ദി രേഖപ്പെടുത്തി. ബിജെപിയുടെ അധികാര കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിക്കാൻ ബംഗാളിലെ ജനങ്ങൾക്കൊപ്പം നിന്നതിനാണ് മമത ഇവർക്ക് നന്ദി അറിയിച്ചത്.

ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാക്കളെ അണിനിരത്തി ജനുവരിയിൽ ഒരു റാലി സംഘടിപ്പിക്കാനാണ് മമത ആലോചിക്കുന്നത്. ബംഗാളിൽ ബിജെപിക്കെതിരായ ശക്തിപ്രകടനമായി ഈ റാലിയെ മാറ്റാനാണ് നീക്കം. കൊൽക്കത്തയിലായിരിക്കും റാലി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും മമത ഇങ്ങനെയൊരു റാലി സംഘടിപ്പിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാൾ, എം.കെ.സ്റ്റാലിൻ, ശരദ് പവാർ തുടങ്ങിയ നേതാക്കളെയെല്ലാം ബിജെപി വിരുദ്ധ റാലിയിൽ അണിനിരത്താനാണ് നീക്കം.

Read Also: കോവിഡ് വാക്‌സിനേഷന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

കഴിഞ്ഞദിവസം കൊൽക്കത്തയിൽ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ രംഗത്തെത്തിയത്. തൃണമൂലിൽ നിന്ന് നിരവധി നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് എത്തുമെന്നും മമത ബാനർജിക്ക് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്നും അമിത് ഷാ കൊൽക്കത്തയിൽ പറഞ്ഞു.

“ബംഗാളിൽ അടുത്ത സർക്കാർ ബിജെപിയുടെയായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ 200 ലേറെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തും. നിങ്ങൾ കൂടുതൽ ആക്രമിക്കാനും അടിച്ചമർത്താനും ശ്രമിക്കുംതോറും ബിജെപി കൂടുതൽ കരുത്തോടെ വളരും. തൃണമൂലിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞുപോക്ക് തുടരും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തൃണമൂലിൽ അവശേഷിക്കുന്ന ഏക വ്യക്തി മമത മാത്രമായിരിക്കും,” അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook