കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി അഭയാർഥികളേയും ന്യൂനപക്ഷങ്ങളേയും ഭയപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ രാജ്യത്തെ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിൽ നിന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ തടയാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഞായറാഴ്ച ബംഗാളിലെ ഷാഹിദ് മിനാർ മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
“മോദിജി സിഎഎ കൊണ്ടു വന്നു, എന്നാൽ മമത ദീദി അതിനെ എതിർത്തു. ബംഗാളിൽ കലാപങ്ങൾ നടന്നു, ട്രെയിനുകൾ കത്തിച്ചു. നിങ്ങൾ രേഖകൾ കാണിക്കേണ്ടിവരുമെന്ന് അഭയാർഥികൾ ഭയപ്പെടുന്നു, ഇവിടെ താമസിക്കാനുള്ള നിങ്ങളുടെ അവകാശം അപഹരിക്കപ്പെടും, നിങ്ങൾക്ക് ഇത് സംഭവിക്കും, അത് സംഭവിക്കും എന്ന് ഭയപ്പെടുത്തി. നിങ്ങൾക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടി വരും, പട്വാരിയിലേക്ക് പോകേണ്ടി വരും എന്നെല്ലാം പറഞ്ഞു. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, എവിടെയും പോകരുത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ തുടങ്ങി ഇവിടെയെത്തിയ എല്ലാവർക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പൗരത്വവും നൽകും. മമത ദീദിക്ക് ഞങ്ങളെ തടയാൻ കഴിയില്ല,” ഷാ പറഞ്ഞു.
Read More: അമിത് ഷായുടെ ബംഗാള്‍ റാലിയിലും ഗോലി മാരോ മുദ്രാവാക്യം
അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനായി ഇതിന് മുമ്പ് ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. “മമത ബാനർജി പ്രതിപക്ഷത്തിരിക്കുമ്പോൾ, അവർ സ്വയം ഈ വിഷയം ഏറ്റെടുക്കുകയും പാർലമെന്റിനെ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു. അധികാരത്തിൽ വന്നപ്പോൾ അവർ വോട്ട് ബാങ്കിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയം ആരംഭിച്ചു. മോദിജി സിഎഎയെ കൊണ്ടുവന്നപ്പോൾ കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകൾ, മമത തുടങ്ങിയവർ എതിർത്തുതുടങ്ങി.”
ന്യൂനപക്ഷങ്ങൾക്ക് അവരുടെ പൗരത്വം നഷ്ടപ്പെടില്ല എന്ന് അമിത് ഷാ ഉറപ്പ് നൽകി. “ന്യൂനപക്ഷ സമുദായത്തിന് അവരുടെ പൗരത്വം നഷ്ടപ്പെടുമെന്നും മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്നും പ്രതിപക്ഷം ഭയപ്പെടുത്തുന്നു. സിഎഎയുടെ കീഴിൽ നിങ്ങളുടെ പൗരത്വം നഷ്ടപ്പെടില്ലെന്ന് ബംഗാളിലെ എല്ലാ ന്യൂനപക്ഷ സഹോദരീസഹോദരന്മാർക്കും ഉറപ്പ് നൽകാൻ ഞാൻ ഇവിടെയുണ്ട്. പൗരത്വം കവർന്നെടുക്കാനല്ല, പൗരത്വം നൽകാനുള്ള നിയമമാണ് സിഎഎ,” അമിത് ഷാ പറഞ്ഞു.
അതേസമയം അമിത് ഷാ നടത്തിയ ബംഗാൾ റാലിയിലും ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ എന്ന മുദ്രാവാക്യം ഉയർന്നു. സിപിഐഎം നേതാവ് മുഹമ്മദ് സലിം ആണ് ബിജെപി പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്. ഒരൊറ്റ സന്ദര്‍ശനം കൊണ്ട് അമിത് ഷാ ഗോലി മാരോ സാലോം കോ എന്ന മുദ്രാവാക്യം കൊല്‍ക്കത്തയില്‍ പ്രചരിപ്പിച്ചുവെന്ന് മുഹമ്മദ് സലിം പറഞ്ഞു.