/indian-express-malayalam/media/media_files/uploads/2017/09/mamata-banerjee-7591.jpg)
കൊല്‍ക്കത്ത: ആധാറും മൊബൈല്‍ ഫോണുകളും ബന്ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ബുധനാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് " എന്തുവന്നാലും ഞാന്‍ മൊബൈലും ആധാറും ബന്ധിപ്പിക്കില്ല. എന്‍റെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കിക്കോട്ടെ" എന്നു മമത പ്രതികരിച്ചത്. നസ്രുള്‍ മഞ്ചില്‍ നടന്ന പാര്‍ട്ടി കോര്‍കമ്മിറ്റി മീറ്റിങ്ങിനിടയിലാണ് കേന്ദ്ര നയത്തെ ലക്ഷ്യം വച്ചുള്ള മമതയുടെ പരാമര്‍ശം.
" ഞാന്‍ കൂടുതല്‍ പേരോട് പ്രതിഷേധ സൂചകമായി ഇത് തന്നെ ചെയ്യുവാനും ആവശ്യപ്പെടും. ഈ മൊബൈലും ആധാറും ബന്ധിപ്പിക്കുക എന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ സംഭാഷണംകൂടി അതോടുകൂടി രഹസ്യമല്ലാതാവുകയാണ്. പൊതുജന സമക്ഷം പ്രദര്‍ശിപ്പിക്കേണ്ടതില്ലാത്ത ഒരുപാട് വിഷയങ്ങള്‍ എല്ലാ വ്യക്തികള്‍ക്കുമുണ്ട്." അവര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 23നാണ് ആധാറും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ആധാറിനെ നിര്‍ബന്ധമാക്കുന്നതിനെതിരെ സന്ധിചേരാതെ സമരം ചെയ്യുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ 2016 ജൂണില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്ത് നല്‍കിയിരുന്നു. ഏപ്രിലില്‍ പശുക്കള്‍ക്ക് ആധാര്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയേയും പരിഹസിച്ചുകൊണ്ട് മമത മുന്നോട്ട് വന്നിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നൂറുകോടി വരുന്ന മൊബൈല്‍ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞു തിട്ടപ്പെടുത്തണമെന്നു സുപ്രീം കോടതി വിധിക്കുന്നത്. വരാന്‍ പോകുന്ന മൊബൈല്‍ ഉപഭോക്താക്കളെയും ഈ കണക്കുകള്‍ക്ക് കീഴില്‍ കൊണ്ടുവരണം എന്നും അന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. നിലവിലുള്ള 90 ശതമാനം പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളില്‍ നിന്നും റീചാര്‍ജിന്‍റെ സമയത്തും പുതിയ സിം എടുക്കുന്ന അവസരങ്ങളിലുമായി തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാവുന്നതാണ് എന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.