കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി നേതാവ് പ്രിയങ്ക ശര്‍മ്മയ്ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മമത ബാനര്‍ജിയോട് മാപ്പ് പറയാന്‍ തയ്യാറാണെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാപ്പപേക്ഷ എഴുതി നല്‍കാമെന്ന് പ്രിയങ്ക അറിയിച്ചു.

ബംഗാളിലെ ഹൗറയില്‍ നിന്നുളള വനിതാ നേതാവിനെ മേയ് 10നാണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പശ്ചിമ ബംഗാള്‍ പൊലീസ് അറിയിച്ചു. അതേസമയം, ഇതില്‍ കോടതിക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ യുവമോര്‍ച്ച നേതാവാണ് പ്രിയങ്ക. ഫെയ്സ്ബുക്കിലൂടെ മമതയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രിയങ്ക പ്രചരിപ്പിക്കുകയായിരുന്നു. ഹൗറ സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞത്.

മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് ബിജെപി നേതാവ് പോസ്റ്റ് തയ്യാറാക്കിയത്. പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് മമതയുടെ ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്തത്. ഈ ചിത്രം വ്യാപകമായ രീതിയില്‍ സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ പരാതി നല്‍കിയത്.

Read: മെറ്റ് ഗാല റെഡ് കാർപെറ്റിൽ വസ്ത്രത്താൽ അമ്പരപ്പിച്ച് പ്രിയങ്ക ചോപ്ര, ബാർബി ഡോളായി ദീപിക പദുക്കോൺ

പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാല വേഷവിധാനം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപെറ്റില്‍ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജൊനാസും ഉണ്ടായിരുന്നു. റെഡ് കാർപെറ്റിലൂടെ പ്രണയാതുരരായി നടന്ന് നീങ്ങിയ നിക്കും പ്രിയങ്കയുമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. എന്നാല്‍ പ്രിയങ്കയുടെ വസ്ത്രത്തിനും മേക്കപ്പിനും ട്രോള്‍ ബഹളമായിരുന്നു.

ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാൻഡില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്. വേറിട്ട് നില്‍ക്കുന്ന മേക്കപ്പും കൂടി ആയപ്പോള്‍ മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ്കാര്‍പെറ്റിലെത്തുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന ചിത്രങ്ങള്‍ അതിവേഗമാണ് വൈറലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook