ന്യൂഡൽഹി: ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സമരം ചെയ്യുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മന്ത്രിമാർക്കും പിന്തുണയുമായി നാല് മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.

നാല് മുഖ്യമന്ത്രിമാരും പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ലഫ്റ്റനന്റ് ഗവർണറെ കാണാൻ നാല് പേരും അനുവാദം ചോദിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോൾ വീട്ടിലില്ലെന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.

നീതി ആയോഗ് യോഗത്തിനെത്തിയതായിരുന്നു നാല് മുഖ്യമന്ത്രിമാരും. കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർക്കൊപ്പം പിണറായി വിജയനും മമത ബാനർജിയും ആദ്യം ആന്ധ്രപ്രദേശ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്.

ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് പോയി നാല് മുഖ്യമന്ത്രിമാരും കുടുംബാംഗങ്ങളുമായി സംസാരിച്ചു. പിന്നീട് ലഫ്റ്റനന്റ് ഗവർണറുടെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതിന് അനുവാദം ലഭിക്കാതിരുന്ന സാഹചര്യത്തിൽ അത് നടന്നില്ല.

എന്നാൽ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവരെ കാണാൻ ലഫ്റ്റനന്റ് ഗവർണർ തയ്യാറാകാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടാണ് എന്നാണ് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഭരണഘടന പ്രകാരം ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ടെന്ന് അരവിന്ദ് കെജ്രിവാളിന്റെ വസതി സന്ദർശിച്ച ശേഷം കേരള മുഖ്യമന്ത്രിയും പിണറായി വിജയൻ പറഞ്ഞു. നാല് മുഖ്യമന്ത്രിമാരും അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെത്തിയത് അദ്ദേഹത്തോ ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നീതി ആയോഗിന്റെ ജനറൽ കൗൺസിൽ യോഗത്തിനായി ഡൽഹിയിലെത്തി കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചീഫ്സെക്രട്ടറി പോൾ ആന്റണിയും ഉണ്ടായിരുന്നു. കർണ്ണാടകയിൽ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തപ്പോൾ കേരള മുഖ്യമന്ത്രി പിണറായിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ കണ്ടിരുന്നെങ്കിലും പരസ്പരം ഒന്നും മിണ്ടാതെ ചിരിക്കുക പോലും ചെയ്യാതെയാണ് പിരിഞ്ഞത്.

രാത്രിയിലാണ് യോഗം നടന്നത്. ഇവിടെ നിന്ന് നാല് പേരും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് പോയി. പിന്നീട് ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിലെത്തി സമരം ചെയ്യുന്ന ഡൽഹി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണുമെന്നാണ് ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook