/indian-express-malayalam/media/media_files/x7i74Mqr5GETaVNHOF7e.jpg)
മമത ബാനർജി
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസുകളിൽ നടന്ന റെയ്ഡ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തടസപ്പെടുത്തിയെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി പരമോന്നത കോടതിയെ സമീപിച്ചത്. മമത ബാനർജി നിരന്തരം നിയമം കൈയ്യിലെടുക്കുകയാണെന്നും അന്വേഷണ ഏജൻസികളെ തടയാൻ സംസ്ഥാന പൊലീസിനെ ദുരുപയോഗം ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണെന്നും ഇ.ഡി ആരോപിച്ചു.
Also Read: പിഎസ്എല്‍വി സി-62 ദൗത്യം പരാജയം; ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ
കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായാണ് കൊൽക്കത്തയിലെ ഐ-പാക് ഓഫീസിലും സ്ഥാപകനായ പ്രതീക് ജെയിനിന്റെ വസതിയിലും ഇ.ഡി പരിശോധന നടത്തിയത്. റെയ്ഡ് പുരോഗമിക്കവെ മുഖ്യമന്ത്രി മമത ബാനർജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കൊപ്പം സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു എന്നാണ് പരാതി. ഇ.ഡി പിടിച്ചെടുത്ത സുപ്രധാന ഫയലുകളും ഇലക്ട്രോണിക് തെളിവുകളും മുഖ്യമന്ത്രിയും സംഘവും ബലമായി പിടിച്ചുവാങ്ങി കൊണ്ടുപോയതായും ഹർജിയിൽ പറയുന്നു.
തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായ അന്വേഷണങ്ങൾ നടക്കുമ്പോൾ സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ നേരിടുന്നത് മമതയുടെ സ്ഥിരം ശൈലിയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് കേസെടുത്ത നടപടിയെയും ഏജൻസി ചോദ്യം ചെയ്തു. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് ഇടപെടുന്ന സാഹചര്യത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം പ്രഹസനമാകുമെന്നും, അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഇ.ഡിയുടെ ആവശ്യം.
Also Read: 2022-ലെ തിരിച്ചടിക്കുശേഷം പ്രിയങ്ക വീണ്ടും യുപിയിലേക്ക്; കോൺഗ്രസിന്റെ പുതിയ നീക്കങ്ങൾ
നേരത്തെ ഈ വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ ഇ.ഡി സമീപിച്ചിരുന്നെങ്കിലും കോടതിയിൽ തൃണമൂൽ അനുകൂലികളുടെ പ്രതിഷേധം കാരണം വാദം കേൾക്കൽ തടസപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര ഹർജിയുമായി ഇ.ഡി സുപ്രീം കോടതിയിൽ എത്തിയത്. എന്നാൽ, ഇ.ഡി ഏകപക്ഷീയമായ ഉത്തരവ് സമ്പാദിക്കുന്നത് തടയാൻ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്.
Also Read: വിജയ് ഡൽഹിയിൽ, കരൂർ കേസിൽ സിബിഐ ഇന്ന് ചോദ്യം ചെയ്യും
അതേസമയം, ഇ.ഡി ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ചോർത്താനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും, രാഷ്ട്രീയ താല്പര്യങ്ങളാണ് റെയ്ഡിന് പിന്നിലെന്നുമാണ് മമത ബാനർജിയുടെ നിലപാട്.
Read More: ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റങ്ങളുമായി റെയിൽവേ; അറിയാം പുതിയ മാറ്റങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us