/indian-express-malayalam/media/media_files/uploads/2021/03/mamata.jpg)
കൊൽക്കത്ത: താൻ ബ്രാഹ്മണ സ്ത്രീയാണെന്നും ഹിന്ദുവാകാൻ തന്നെ ബിജെപി പഠിപ്പിക്കേണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നും വരുന്ന ആളുകൾ ബംഗാളിനെക്കുറിച്ച് തന്നോട് പറയേണ്ടതില്ലെന്നും നന്ദിഗ്രാമില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ മമത ബാനർജി പറഞ്ഞു. എന്റെ പേര് ഞാൻ മറന്നേക്കും, എന്നാൽ ഒരിക്കലും നന്ദിഗ്രാം മറക്കില്ലെന്നും മമത പറഞ്ഞു. മമത സ്ഥിരം മത്സരിക്കുന്ന ഭവാനിപുരില്‍നിന്ന് മാറിയാണ് ഇക്കുറി നന്ദിഗ്രാമില്‍ ജനവിധി തേടുന്നത്.
"വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്നും ഛണ്ഡീപത് ജപിക്കാറുണ്ട്. ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് എന്നോട് ചെലവാകില്ല. ഞാനൊരു ബ്രാഹ്മണ സ്ത്രീയാണ്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും വരുന്നവർ ബംഗാളിനെക്കുറിച്ച് എന്നെ പഠിപ്പിക്കേണ്ട," മമത പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ചൂടുപിടിച്ച മത്സരത്തിന് ഒരുങ്ങുകയാണ് നന്ദിഗ്രാം. ഇന്ന് മമത നാമനിർദേശ പത്രിക സമർപ്പിക്കും. ബിജെപിയുടെ സുവേന്ദു അധികാരിയും മമതാ ബാനര്‍ജിയുമാണ് നന്ദിഗ്രാമിൽ ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ എത്തിയത്.
Read More: നിറത്തിന്റെ പേരിൽ വിവേചനം; മേഗന്റെ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം
സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം. ശിവരാത്രി ദിനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കും. നന്ദിഗ്രാമിലായിരിക്കും തന്റെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷമെന്നും മമത വ്യക്തമാക്കി.
“നന്ദിഗ്രാമിലെ രക്തസാക്ഷികൾ (2007 ലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പോരാട്ടത്തിൽ മരിച്ചവർ)” എന്ന പേരിൽ ഒരു സർവകലാശാല പണിയുമെന്ന് മമത വാഗ്‌ദാനം ചെയ്തു. “പോയി എന്റെ ഭവാനിപൂർ (പഴയ നിയോജകമണ്ഡലം) കാണുക. എല്ലാ വികസന പ്രവർത്തനങ്ങളും അവിടെ നടക്കുന്നു. ഞാൻ നന്ദിഗ്രാമിനെ ഒരു മാതൃക നന്ദിഗ്രാം ആക്കും. ഒരു വീട്ടിലും തൊഴിലില്ലായ്മ ഉണ്ടാകില്ല. ആരും വിദ്യാഭ്യാസമില്ലാത്തവരാകില്ല.”
നന്ദിഗ്രാമിൽ നിന്ന് മത്സരിക്കാനുള്ള തീരുമാനത്തിൽ അതിശയിക്കാനില്ലെന്ന് മമത പറഞ്ഞു. “ഞാൻ ഗ്രാമങ്ങളെ സ്നേഹിക്കുന്നു. അവിടെയാണ് എന്റെ ഗൃഹാതുരമായ ഓർമകൾ. ദിവസങ്ങൾക്ക് മുമ്പ് സിംഗൂരിൽ നിന്നോ നന്ദിഗ്രാമിൽ നിന്നോ മത്സരിക്കാൻ ഞാൻ തീരുമാനം എടുത്തിരുന്നു, കാരണം ഈ രണ്ട് സ്ഥലങ്ങളും എനിക്ക് പ്രസ്ഥാനത്തിന്റെ പുണ്യസ്ഥലങ്ങളാണ്. ഞാൻ നന്ദിഗ്രാമിൽ വാടകയ്ക്ക് ഒരു വീട് എടുത്തിട്ടുണ്ട്. ഓരോ മൂന്നുമാസത്തിലും ഇവിടെ വരും. കുറച്ച് സമയത്തിന് ശേഷം ഞാൻ ഇവിടെ താമസിക്കാൻ ഒരു കുടിലുണ്ടാക്കും. ”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.