കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തെ ക്വിറ്റ് ഇന്ത്യ സമരത്തോട് ഉപമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബ്രിട്ടീഷുകരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനായിരുന്നു ക്വിറ്റ് ഇന്ത്യ സമരമെങ്കിൽ ഇപ്പോഴുള്ള പോരാട്ടം മോദിയെന്ന ഫാസിസ്റ്റ് ശക്തിയിൽ നിന്ന് രക്ഷിക്കാനാണെന്ന് മമത പറയുന്നു.

Also Read: ‘പ്രിയങ്കയ്ക്ക് തെറ്റുപറ്റി; മോദി ദുര്യോധനൻ അല്ല, ആരാച്ചാരാണ്’

“സ്വതന്ത്ര്യസമര കാലത്ത് 1942ൽ ക്വിറ്റ് ഇന്ത്യ സമരം നടന്നത് ബ്രിട്ടീഷുകരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനാണ്. ഇപ്പോൾ നമ്മൾ പോരാടുന്നതും അത്തരത്തിൽ ഒരു പുറത്താക്കലിനാണ്. മോദിയെന്ന ഫാസിസ്റ്റിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ” മമത ബാനർജി പറഞ്ഞു. ദെബ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മമതയുടെ പ്രസ്താവന.

Also Read: അയാൾ ഒരു നാണംകെട്ട പ്രധാനമന്ത്രി: നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയുടെ അടിസ്ഥാന ഘടകം തന്നെ ഇല്ലാതക്കുമെന്ന് മമത പറഞ്ഞു. ഇനിയൊരിക്കലും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ലെന്നും മമത പറഞ്ഞു.” മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും അവസാനിക്കുമെന്നും, അതിനാൽ മോദിയുടെയും ബിജെപിയുടെയും നേർക്ക് നിങ്ങളുടെ വാതിലുകൾ അടക്കേണ്ട സമയമാണിതെന്നും മമത കൂട്ടിച്ചേർത്തു.

“രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമാണ് സാഹചര്യം. ആർക്കും ഒന്നും സംസാരിക്കാനോ പ്രതികരിക്കാനോ സാധിക്കുന്നില്ല. മോദിയെ പേടിച്ച് ആർക്കും പൊതു സമൂഹത്തിൽ സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ ഫാസിസവും ഭീകരവാദവും അവസാനിപ്പിക്കണം,” മമത ആവശ്യപ്പെട്ടു.

മഹാത്മ ഗാന്ധിയെപോലെ, നേതാജി സുഭാഷ് ചന്ദ്ര ബോസിനെ പോലെ, അംമ്പേദ്കറിനെ പോലെ, രാജേന്ദ്ര പ്രസാദിനെ പോലെ സ്വാമി വിവേകാനന്ദനെ പോലെ ഉള്ള നേതാക്കന്മാരെയാണ് നമുക്ക് വേണ്ടത്. എന്നാൽ ബിജെപി സംസാരിക്കുന്നത് ഗാന്ധിജിക്ക് വേണ്ടിയാകില്ല നാഥൂറാം ഗോഡ്സേക്ക് വേണ്ടിയാകുമെന്നും മമത കുറ്റപ്പെടുത്തി.

Also Read: തൃണമൂല്‍ പ്രവര്‍ത്തകരെ ‘പട്ടിയെ തല്ലുന്നത് പോലെ’ തല്ലുമെന്ന് ഭാരതി ഘോഷ്; മറുപടി നല്‍കി മമതാ ബാനര്‍ജി

നരേന്ദ്ര മോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്നായിരുന്നു മമത ബാനർജി കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. തൃണമൂൽ കോൺഗ്രസിലെ 40 എംഎൽഎ മാർ താനുമായി സംസാരിച്ചെന്നും ബിജെപിയിലേക്ക് ചേരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദത്തിന് മറുപടിയായിട്ടായിരുന്നു മമതയുടെ പ്രസ്താവന.

Also Read: മോദിക്ക് കിട്ടേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടി: മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് ഓരോ ദിവസം കഴിയും തോറും കൂടുതൽ കടുക്കുകയാണ്. തിരഞ്ഞെടുപ്പ് റാലികളിൽ പരസ്പരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയാണ് മമതയും മോദിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook