ന്യൂഡൽഹി: പ്രതിപക്ഷ പാര്‍ട്ടികളില്‍ തനിക്ക് സുഹൃത്തുക്കളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ തന്റെ സുഹൃത്തുക്കളാണെന്നും മോദി പറഞ്ഞു.
ഇപ്പോഴും ഓരോ വര്‍ഷവും ‘മമത ദീദി’ തനിക്ക് കുര്‍ത്തകള്‍ അയച്ചു തരാറുണ്ടെന്നും മോദി പറഞ്ഞു. ‘ഇന്നും ഒന്നോ രണ്ടോ കുര്‍ത്തകള്‍ മമതാ ദീദി എനിക്ക് വേണ്ടി തിരഞ്ഞെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വര്‍ഷത്തില്‍ മൂന്ന് നാല് തവണ എനിക്ക് മധുരം അയയ്ക്കാറുണ്ട്. പ്രത്യേകിച്ച് ധാക്കയില്‍ നിന്ന്. ഇക്കാര്യം മമതാ ദീദി അറിഞ്ഞപ്പോള്‍ അവരും എനിക്ക് വര്‍ഷത്തില്‍ ഒന്ന് രണ്ട് തവണ മധുരം അയയ്ക്കാന്‍ തുടങ്ങി,’ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ‘സ്പീഡ് ബ്രേക്കര്‍ ദീദി’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ മമതയും മോദിയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ‘ഹിറ്റ്‌ലര്‍ അങ്കിള്‍’, ‘എക്‌സ്‌പെയറി ബാബു’ എന്നിങ്ങനെയെല്ലാം മമതയും മോദിയെ വിളിച്ചിരുന്നു.
#WATCH PM Narendra Modi during interaction with Akshay Kumar, speaks on his friends in opposition parties, especially Ghulam Nabi Azad & Mamata Banerjee pic.twitter.com/8GkqrHpqXv
— ANI (@ANI) April 24, 2019
മാധ്യമങ്ങളില്‍ പരാമര്‍ശിക്കുന്നതില്‍ നിന്നും വിഭിന്നമാണ് ചില പ്രതിപക്ഷ നേതാക്കളുമായുള്ള തന്റെ സമവാക്യമെന്ന് മോദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള ഒരു സംഭവം ഓര്‍ത്തുകൊണ്ട് മോദിയുടെ വാക്കുകള്‍:
‘ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി പോലും ആകുന്നതിന് മുമ്പുണ്ടായ ഒരു സംഭവമാണ്. ചില ജോലികള്‍ക്കായി പാര്‍ലമെന്റില്‍ പോയതാണ്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി വളരെ രസകരമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പുറത്തു വന്നപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു, ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നു വന്ന ഒരാളോട് എങ്ങനെ സൗഹൃദം സ്ഥാപിക്കാന്‍ കഴിയുന്നു എന്ന്. ഗുലാം നബി അവര്‍ക്കൊരു നല്ല മറുപടി നല്‍കി. പുറത്ത് നിങ്ങള്‍ കാണാത്ത, കുടുംബം പോലൊരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ട്,’ മോദി പറഞ്ഞു.
Read More: ‘കാത്തിരിക്കാന്‍ വയ്യന്നേ’; കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്
താന്‍ ഒരു കര്‍ക്കശക്കാരനായ ഭരണാധികാരിയല്ലെന്നും മോദി പറഞ്ഞു. ‘ഒരു കര്‍ക്കശക്കാരനായ ഭരണാധികാരിയായി എന്നെ കാണുന്നത് തെറ്റാണ്. ജോലി ചെയ്യാന്‍ ആളുകള്‍ക്ക് മേല്‍ ഞാന്‍ സമ്മർദം ചെലുത്താറില്ല. നേരത്തെയുള്ള പ്രധാനമന്ത്രി കൃത്യം ആറ് മണിക്ക് ഓഫീസില്‍ നിന്നും ഇറങ്ങുമായിരുന്നു. പകല്‍ സമയത്ത് അദ്ദേഹം ഓഫീസിലും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഞാന്‍ അതിരാവിലെ ഓഫീസില്‍ എത്തുകയും രാത്രി ഏറെ വൈകി ഇറങ്ങുകയും ചെയ്യുന്നു. ഞാന്‍ വളരെ കഠിനമായി ജോലി ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നും. ഇത് ഞാന്‍ വളര്‍ത്തിയെടുത്ത ഒരു സംസ്‌കാരമാണ്. ജോലി സമയത്ത് അതല്ലാതെ മറ്റൊന്നും ഞാന്‍ ശ്രദ്ധിക്കില്ല. അച്ചടക്കം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. എനിക്ക് ഒരു മാതൃക കാണിക്കാനേ സാധിക്കൂ,’ മോദി പറഞ്ഞു.
തന്റെ ഉറക്കത്തെ കുറിച്ച് അടുത്ത സുഹൃത്തും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബരാക് ഒബാമ ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും മോദി പറയുന്നു.
‘എന്റെ വളരെ അടുത്ത സുഹൃത്തായ ബരാക് ഒബാമ പോലും എന്നോട് ചോദിച്ചിട്ടുണ്ട് ‘എന്തുകൊണ്ടാണ് ഇത്ര കുറച്ച് മാത്രം ഉറങ്ങുന്നത്? ജോലിയോടുള്ള നിങ്ങളുടെ ലഹരിയാണിത്. പക്ഷെ ഇത്ര കുറച്ച് മാത്രം ഉറങ്ങരുത്.’ ഇതിപ്പോള്‍ എന്റെ ശീലമായിട്ടുണ്ട്. ഞാന്‍ മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ മാത്രമാണ് ഉറങ്ങാറ്. അത്രയും സമയം നന്നായി ഉറങ്ങും,’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.