ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തളളി സമാജ്‍വാദി പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തുന്നതിനിടെ അഭിനന്ദനം അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. എസ്പി അദ്ധ്യക്ഷന്‍അഖിലേഷ് യാദവിനേയും ബിഎസ്പി നേതാവ് മായാവതിയേയും മമത അഭിനന്ദിച്ചു. ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുനേതാക്കളും കൈകോര്‍ക്കുകയായിരുന്നു.

‘മികച്ച വിജയം, മായാവതിക്കും അഖിലേഷ് യാദവിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒടുക്കത്തിന്റെ തുടക്കമാണ് ഇവിടെ ആരംഭിച്ചത്’, മമത ട്വീറ്റ് ചെയ്തു. അരേരിയയിലും ജെഹനാബാദിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ആര്‍ജെഡിക്കും നേതാവ് ലാലുപ്രസാദ് യാദവിനും മമത അഭിനന്ദനം അറിയിച്ചു. ഇതിന് മറുപടിയുമായി ലാലു പ്രസാദ് യാദവും രംഗത്തെത്തി. ‘നന്ദി ദീദി, ഒരുമിച്ച് നമ്മള്‍ പോരാടിയാല്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും’, ലാലു പ്രസാദ് ട്വീറ്റ് ചെയ്തു.

ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് മുന്നിട്ട് നില്‍ക്കുന്നത്. ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 20,000ത്തിന് മുകളിലുളള വോട്ടുകളുമായാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതിനിടെ ഉത്തര്‍പ്രദേശില്‍ ഉടനീളം എസ്പ് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വര്‍ണ്ണം വാരി വിതറിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ