കൊൽക്കത്ത: ദേശീയ പണിമുടക്കിനിടെ പശ്ചിമ ബംഗാളിൽ ഇടത് പ്രവർത്തകരും കോൺഗ്രസും നടത്തിയ അക്രമപ്രവർത്തനങ്ങളിൽ പ്രതിഷേധം അറിയിക്കാൻ ജനുവരി 13ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോഗം ബഹിഷ്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതവുമായ മമത ബാനർജി.

ബംഗാളിൽ ഹൗറ, നോർത്ത് 24 പർഗാന എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞു. ഇത് സിപിഎമ്മിന്റെ ‘ദാദാഗിരി’യാണെന്നും മമത ആരോപിച്ചിരുന്നു. ദുർഗാപൂരിൽ ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായി. ബസുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു.

ഇടതുമുന്നണിയുടെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു.

“പശ്ചിമ ബംഗാളിൽ ഇന്നലെ (ബുധനാഴ്ച) ഇടതുപക്ഷവും കോൺഗ്രസും അഴിച്ചുവിട്ട അക്രമത്തെ പിന്തുണയ്ക്കാത്തതിനാൽ ജനുവരി 13 ന് ന്യൂഡൽഹിയിൽ സോണിയ ഗാന്ധി വിളിച്ച യോഗം ബഹിഷ്‌കരിക്കാൻ ഞാൻ തീരുമാനിച്ചു,” മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സർവകലാശാലാ കാമ്പസുകളിൽ നടന്ന അക്രമങ്ങളും പ്രതിഷേധങ്ങളും മൂലം ഉണ്ടാകുന്ന സാഹചര്യം ചർച്ച ചെയ്യാനാണ് ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം സോണിയ ഗാന്ധി വിളിച്ചത്.

നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് കേന്ദ്ര തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 മണിക്ക് അവസാനിച്ചു.

ബാങ്കിങ് മേഖലയേയും പണിമുടക്ക് സാരമായി ബാധിച്ചു. ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചില്ല. പണിമുടക്ക് കാരണം പല സംസ്ഥാനങ്ങളിലും ഗതാഗതം, മറ്റ് പ്രധാന സേവനങ്ങള്‍ എന്നിവ മുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook