കൊല്‍ക്കത്ത: ആര്‍എസ്എസ്, വിഎച്പി, ബജ്രംഗ് ദള്‍ തുടങ്ങിയ സംഘപരിവാര്‍ സംഘടനകളെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് നാടിന്‍റെ സമാധാനം കെടുത്തരുതെന്ന് ആവശ്യപ്പെട്ട മമത. തീക്കളി വേണ്ടെന്നും സംഘപരിവാറിനു താക്കീത് നല്‍കി. വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മതകേന്ദ്രങ്ങളില്‍ ആയുധ പൂജ നടത്തും എന്നുള്ള വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

സംസ്ഥാനത്ത് എവിടെയെങ്കിലും ആയുധങ്ങള്‍ പൂജിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസിനു നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞമാസമാണ് മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ മുക്കാനുള്ള സംഘപരിവാര്‍ തീരുമാനത്തെ തടഞ്ഞുകൊണ്ട് മമതാ ബാനര്‍ജി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. സെപ്റ്റംബാര്‍ 30നും ഒക്ടോബര്‍ ഒന്നാം തീയ്യതിയും വൈകീട്ട് ആറുമണിക്ക് ശേഷം വിഗ്രഹയാത്രകള്‍ തടഞ്ഞുവെക്കുന്നതായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.ക്രമസമാധാനം നിലനിര്‍ത്താന്‍ ഉദ്ദേശിച്ച്ചുള്ള ഈ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശത്തെ അപലപിച്ച ബിജെപി മമത പ്രീണന രാഷ്ട്രീയം കളിക്കുകയാണ് എന്നും ആരോപിച്ചിരുന്നു.

സെപ്റ്റംബര്‍ മുപ്പതാം തീയ്യതി രാത്രി പത്തുമണിവരെ വിഗ്രഹങ്ങളുടെ യാത്ര അനുവദിക്കുമെന്ന് വെള്ളിയാഴ്ച കല്‍കത്ത ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്തിരുന്നാലും മുഹറം ആയതിനാല്‍ ഒക്ടോബര്‍ ഒന്നാം തീയ്യതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഒക്ടോബര്‍ 2നു തടസ്സങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു,

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ