കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ മഹാറാലിയിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുമെന്ന് മമത ബാനർജി. ജനുവരി 19ന് കൊൽക്കത്തയിൽ നടക്കുന്ന മഹാറാലിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിക്ക് മമതയുടെ ക്ഷണം. ഇതോടെ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽ സിപിഎമ്മുമായി കൈകോർക്കാൻ തൃണമൂൽ കോൺഗ്രസ് തയ്യാറായിരിക്കുകയാണ്.

ഇന്നലെയാണ് പിണറായി വിജയനെ റാലിയിലേക്ക് ക്ഷണിക്കുമെന്ന് മമത വ്യക്തമാക്കിയത്. പശ്ചിമ ബംഗാളിലെ ചിരവൈരികളായ ഇടതുപക്ഷത്തിന്റെ തന്നെ ഒരു പ്രമുഖ നേതാവിനെ ക്ഷണിക്കുന്നതിലൂടെ അവരുമായി വേദി പങ്കിടാൻ തൃണമൂൽ തയ്യാറാണെന്ന് വ്യക്തമായി. മറ്റ് പാർട്ടികളിലെ നേതാക്കളും റാലിയിൽ പങ്കെടുക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുകയാണ് മമതയുടെ ലക്ഷ്യം. ഇടതുപക്ഷത്തെ എല്ലാ നേതാക്കന്മാരും മോശക്കാരാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് മമതയുടെ പക്ഷം. വാർത്താ സമ്മേളനത്തിലാണ് മമത കേരള മുഖ്യമന്ത്രിയെ ക്ഷണിക്കുമെന്ന് വ്യക്തമാക്കിയത്.

“സിപിഐ (എം) ഇപ്പോഴും എനിക്കെതിരായി ഗൂഢാലോചന നടത്തുകയാണ്. എന്നാൽ എല്ലാ ഇടതുപക്ഷ നേതാക്കളും മോശക്കാരല്ല. അത്കൊണ്ട് തന്നെ ജനുവരി 19ന് നടക്കുന്ന മഹാറാലിയിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രിയെയും ക്ഷണിക്കും. സിപിഐ, ആർഎസ്‍പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ പർട്ടികളെയും ക്ഷണിക്കും” മമത പറഞ്ഞു. ആരും തങ്ങൾക്ക് തൊട്ടുകൂടാനാവത്തവരല്ലെന്നും അവർ കൂട്ടിച്ചേർത്തു.

പിണറായി വിജയന് പുറമെ തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്ര ബാബു നയ്ഡു, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാൾ, നാഷ്ണൽ കോൺഗ്രസിന്റെ ഒമർ അബ്ദുള്ള എന്നിവരും റാലിയിൽ പങ്കെടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ