കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം വിളിച്ചോതുന്ന ഐക്യ ഇന്ത്യ റാലി ഇന്ന്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംഘടിപ്പിക്കുന്ന മഹാറാലിയിൽ രാജ്യത്തെ പ്രമുഖ പാർട്ടികൾ പങ്കെടുക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിരുന്നു. കോൺഗ്രസിനെ പ്രതിനിധികരിച്ച് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അഭിഷേക് മനു സിങ്‌വി എന്നിവർ റാലിയിൽ പങ്കെടുക്കും.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സമ്മേളനം. രാജ്യത്തെ പ്രധാന 25 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വേദിയിൽ ഇടംപിടിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ പരിപാടിയിൽ ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിക്കും.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയ മുഖ്യമന്ത്രിമാരും പരിപാടിയിൽ എത്തുന്നുണ്ട്. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ, ലോക്‌തന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്, എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ, നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖ നേതാക്കൾ.
ബിജെപി നേതാവ് ശത്രുഘ്‌നൻ സിൻഹയും മുൻ ബിജെപി നേതാക്കളായ യശ്വവന്ദ് സിൻഹ, അരുണ്‍ ഷൂരി എന്നിവരും പരിപാടിയുടെ ഭാഗമാകുമെന്നാണ് സൂചന. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റം എന്നതിന് പകരം മമത ബാനര്‍ജി ബിജെപി വിരുദ്ധരെ ഒരു വേദിയിലേക്ക് കൊണ്ടുവരുന്നു എന്ന പ്രത്യേക ഇന്നത്തെ റാലിക്കുണ്ട്.