കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും ബംഗാള്‍ വ്യതസ്ത മത വിശ്വാസികള്‍ ഒരു പോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി.
”ബംഗാളിലേക്ക് വരുന്ന എല്ലാവര്ക്കും സ്വാഗതം. പക്ഷേ ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കാതിരിക്കുക. അത് ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുക. ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ല” മമത പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംസ്ഥാനത്തിലെ വലിയ ആഘോഷമായ ദുര്‍ഗാപൂജയില്‍ ഒത്തു ചേരുന്നുണ്ടെന്നും മമത ഓര്‍മ്മിപ്പിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.
ALso Read: ഹിന്ദു, സിഖ്, ജൈന, ബുദ്ധമത അഭയാര്‍ഥികള്‍ക്ക് രാജ്യം വിടേണ്ടിവരില്ല: അമിത് ഷാ
നേരത്തെ, പൗരത്വ രജിസ്റ്ററിനു മുന്പ്പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു. നുഴഞ്ഞുകയറ്റക്കാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
‘കിംവദന്തികളാണ് മമത ബാനര്‍ജി പറയുന്നത്. പൗരത്വ പട്ടികയിലൂടെ ഹിന്ദു അഭയാര്‍ഥികളെ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് മമത ബാനര്‍ജി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. എന്നാല്‍, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു അഭയാര്‍ഥികളായ സഹോദരങ്ങള്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാര്‍ അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കില്ല’ അമിത് ഷാ പറഞ്ഞു. നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു, സിഖ്, ജൈന, ബുദ്ധമത, കൃസ്ത്യന്‍ അടക്കം എല്ലാ സമുദായത്തിലുമുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യം വിടാന്‍ കേന്ദ്രം നിങ്ങളെ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു. മുസ്ലീമുകളെ കുറിച്ച് പരാമര്‍ശിക്കാതിരുന്ന ഷായ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.