കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നേതാജി അനുസ്‌മരണ പരിപാടിയിൽ നാടകീയ രംഗങ്ങൾ. കാണികൾ ജയ്ശ്രീറാം വിളിച്ചതോടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രസംഗം നിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ ഉണ്ടായിരുന്നു.

മമതാ ബാനര്‍ജിയെ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കാണികള്‍ ‘ജയ്ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. ഇത് കേട്ടതോടെ മമത രോഷാകുലയായി. ‘ജയ്ശ്രീറാം’ വിളി നിർത്താതെ താൻ പ്രസംഗിക്കില്ലെന്ന് മമത നിലപാടെടുത്തു.

Read Also: സർവീസുകൾ വർധിപ്പിക്കാൻ അനുമതിയുണ്ട്, എന്നിട്ടും പറക്കുന്നത് കുറച്ച് വിമാനങ്ങൾ മാത്രം; കാരണം അറിയാം

“ഒരു സർക്കാർ പരിപാടിക്ക് അതിന്റേതായ അന്തസുണ്ടാകണമെന്ന് ഞാൻ കരുതുന്നു. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി ശേഷം അപമാനിക്കുന്നത് ശരിയല്ല. അത് നിങ്ങൾക്ക് ചേരില്ല. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ ഞാൻ ഒന്നും പ്രസംഗിക്കുന്നില്ല,” മമത പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ എത്തിയത്.

പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ തുടരുകയാണ്. പശ്ചിമ ബംഗാളിൽ നിന്ന് മമത സർക്കാരിനെ താഴെയിറക്കുമെന്നാണ് ബിജെപിയുടെ വെല്ലുവിളി. എന്നാൽ, ബിജെപിയെ പ്രതിരോധിക്കാൻ പതിനെട്ടടവും പയറ്റുകയാണ് തൃണമൂൽ കോൺഗ്രസ്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ‘പരക്രം ദിവാസ്’ ആയി ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ തൃണമൂൽ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് ചിലർക്ക് നേതാജിയോട് സ്‌നേഹമെന്ന് മമത ബാനർജി പറഞ്ഞിരുന്നു. കേന്ദ്രം ‘പരക്രം ദിവാസ്’ ആചരിക്കുമ്പോൾ അതിനു ബദലായി ‘ദേശ് പ്രേം ദിവാസ്’ ആചരിക്കണമെന്നായിരുന്നു തൃണമൂലിന്റെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook