കൊല്‍ക്കത്ത: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രശാന്ത് കിഷോറുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാണ് പ്രശാന്ത് കിഷോര്‍. ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയത്തിനും ബിഹാറിലെ നിതീഷ് കുമാറിന്റെ വിജയത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് പ്രശാന്ത് കിഷോര്‍.

Read More: ‘ഞങ്ങളോട് കളിക്കാന്‍ വരുന്നവരെ ചിതറിച്ചുകളയും’; ബിജെപിയെ ലക്ഷ്യമിട്ട് മമത ബാനര്‍ജി

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കൊപ്പമാണ് പ്രശാന്ത് കിഷോര്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയത്. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ മമതയും പ്രശാന്ത് കിഷോറും തമ്മില്‍ ഒരു മണിക്കൂറും 40 മിനിറ്റും ചര്‍ച്ചകള്‍ നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തെ കുറിച്ചും പോരായ്മകളെ കുറിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെ കുറിച്ച് മമത പ്രശാന്ത് കിഷോറില്‍ നിന്ന് ഉപദേശം സ്വീകരിച്ചു.

2017 മേയ് മുതല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രത്യേക ഉപദേശകനാണ് പ്രശാന്ത് കിഷോര്‍. ഇത്തവണ ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റും ജഗന്‍ നേതൃത്വം നല്‍കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേടി. 175 നിയമസഭാ സീറ്റുകളില്‍ 150 സീറ്റ് നേടി ജഗന്‍ മോഹന്‍ ആന്ധ്രാ മുഖ്യമന്ത്രിയാകുകയും ചെയ്തു.

Read More: ‘രാജി സന്നദ്ധത അറിയിച്ചിരുന്നു’; ജനാധിപത്യത്തെ പണം ഭരിക്കുന്നുവെന്നും മമത

ബംഗാളിലെ തിരിച്ചടിക്ക് പകരം വീട്ടാനാണ് പ്രശാന്ത് കിഷോറിനെ മമത തന്റെ പാളയത്തിലേക്ക് എത്തിച്ചതെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. ബംഗാളില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രശാന്ത് കിഷോറിനെ പോലൊരു രാഷ്ട്രീയ തന്ത്രജ്ഞന്റെ സഹായം മമതയ്ക്കും തൃണമൂലിനും ഗുണം ചെയ്യുമെന്ന വിലയിരുത്തലുകളും ഉണ്ട്.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളിൽ 18 സീറ്റ് നേടാൻ ബിജെപിക്ക് സാധിച്ചു. തൃണമൂൽ കോൺഗ്രസിന് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 2014 ൽ തൃണമൂൽ കോൺഗ്രസിന് ആകെ ഉണ്ടായിരുന്നത് 34 സീറ്റുകളായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook