നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോകാനാണ് മമത ബാനര്‍ജി വിമാനത്താവളത്തില്‍ എത്തിയത്

Mamata Banerjee and Jashodaben Mamata meets PM Narendra Modi's Wife and gifted Saree

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. കൊൽക്കത്ത വിമാനത്താവളത്തിലാണ് ഇരുവരും തമ്മിൽ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പോകാനാണ് മമത ബാനര്‍ജി വിമാനത്താവളത്തില്‍ എത്തിയത്.

ജാർഖണ്ഡിലെ ധൻബാദിൽ രണ്ടു ദിവസ സന്ദർശനത്തിനുശേഷം ബംഗാളിലെ അസൻസോളിലുള്ള കല്യാണേശ്വരി ക്ഷേത്രത്തിലെത്തി പൂജ അർപ്പിച്ച‌് മടങ്ങുകയായിരുന്നു യശോദ ബെൻ. യശോദ ബെന്നിനെ കണ്ട മമത ബാനർജി സുഖവിവരങ്ങൾ അന്വേഷിച്ചു. യശോദ ബെന്നിന് ദീദി സാരി സമ്മാനിക്കുകയും ചെയ്‌തു. റിട്ടയേർഡ് അധ്യാപികയായ യശോദ ബെൻ ഗുജറാത്തിലാണ് താമസിക്കുന്നത്.

ഡൽഹിയിലെത്തിയ മമത ബാനർജി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് മമത ഡൽഹിയിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മമത പ്രധാനമന്ത്രിയെ അറിയിക്കും. കേന്ദ്രത്തിൽ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതമടക്കമുള്ള കാര്യങ്ങളാണ് മോദിയുമായുള്ള ചർച്ചയിൽ മമത സൂചിപ്പിക്കുക. ഇന്നലെ ജന്മദിനം ആഘോഷിച്ച പ്രധാനമന്ത്രിക്ക് മമത മധുര പലഹാരങ്ങൾ സമ്മാനിക്കും. പ്രധാനമന്ത്രിക്ക് മമത ജന്മദിനാശംസകൾ നേരുകയും ചെയ്യും.

Read Also: നരേന്ദ്ര മോദി ഇന്ത്യയുടെ പിതാവാണെന്ന് ബിജെപി മുഖ്യമന്ത്രിയുടെ ഭാര്യ; ഗാന്ധിജിയെ അറിയുമോ എന്ന് സോഷ്യല്‍ മീഡിയ

നിരവധി വിഷയങ്ങളിൽ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന നേതാക്കളാണ് നരേന്ദ്ര മോദിയും മമത ബാനർജിയും. വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും മമത രൂക്ഷമായി വിമർശിച്ചിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തന്റെ വിശ്വസ്തനായ രാജീവ് കുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിലടക്കം മമത നേരത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ വിവിധ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നായിരുന്നു മമത ആരോപിച്ചത്. ഇതിനെതിരെ മമത പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mamata banerjee meets pm narendra modis wife jashodaben at airport

The moderation of comments is automated and not cleared manually by malayalam.indianexpress.com