scorecardresearch
Latest News

രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് മമത

ഇന്ന് നമ്മെ വേട്ടയാടുന്ന ഛിദ്രശക്തിയെ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും അണിനിരന്ന് ചെറുക്കേണ്ടതുണ്ടെന്നു പിണറായി വിജയന്‍ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെഴുതിയ കത്തിൽ മമത ബാനർജി പറയുന്നു

Mamata Banerjee, West Bengal, Trinamool Congress

കൊല്‍ക്കത്ത: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 15 നു ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം.

ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മമത കത്തയച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വൃത്തങ്ങള്‍ പറഞ്ഞു.

”രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിഘടന ശക്തികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ പ്രതിപക്ഷത്തിനായി 15-ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ന്യൂ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കുന്ന സംയുക്ത യോഗത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ മുഖ്യമന്ത്രിമാരോടും നേതാക്കളോടും അഭ്യര്‍ഥിച്ചു,” ടിഎംസി പ്രസ്താവനയില്‍ പറയുന്നു.

പിണറായി വിജയന്‍, എം കെ സ്റ്റാലിന്‍ (തമിഴ്‌നാട്), അരവിന്ദ് കേജ്രിവാള്‍ (ഡല്‍ഹി), നവീന്‍ പട്നായിക് (ഒഡിഷ), കെ ചന്ദ്രശേഖര്‍ റാവു (തെലങ്കാന), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), ഹേമന്ത് സോറന്‍ (മുഖ്യമന്ത്രി, ഝാര്‍ഖണ്ഡ്), ഭഗവന്ത് സിങ് മാന്‍ (പഞ്ചാബ്) എന്നീ മുഖ്യമന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, ആര്‍ എല്‍ ഡി ദേശീയ അധ്യക്ഷന്‍ ജയന്ത് ചൗധരി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എംപി (ജെ ഡി എസ്), നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ എസ് സുഖ്ബീര്‍ സിങ് ബാദല്‍, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് അധ്യക്ഷന്‍ പവന്‍ ചാംലിങ്, മുസ്ലിം ലീഗ് അധ്യക്ഷന്‍ കെ എം കാദര്‍ തുടങ്ങിയവര്‍ക്കാണു മമത കത്തെഴുതിയതെന്നാണു വിവരം.

Also Read: പ്രവാചക വിരുദ്ധ പരാമർശം: രാജ്യത്തുടനീളം പ്രതിഷേധം, റാഞ്ചിയിൽ വെടിവെപ്പിൽ രണ്ട് മരണം

”വിവേകമുള്ള ജനാധിപത്യ സ്വഭാവമുള്ള രാഷ്ട്രത്തിനു ശക്തവും ഫലപ്രദവുമായ പ്രതിപക്ഷം ആവശ്യമാണ്. ഇന്ന് നമ്മെ വേട്ടയാടുന്ന ഛിദ്രശക്തിയെ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും അണിനിരന്ന് ചെറുക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാക്കളെ വിവിധ കേന്ദ്ര ഏജന്‍സികള്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നു. രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയും രാജ്യത്തിനുള്ളില്‍ കടുത്ത ഭിന്നതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രതിരോധം ശക്തിപ്പെടുത്തേണ്ട സമയമാണിത്,” കത്തില്‍ പറയുന്നു.

”എല്ലാ പുരോഗമന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വീണ്ടും ഒത്തുചേരുന്നതിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ഗതിയെക്കുറിച്ച് ആലോചിക്കുന്നതിനുമുള്ള മികച്ച അവസരമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഈ തിരഞ്ഞെടുപ്പ് മഹത്തായതാണ്, കാരണം നമ്മുടെ ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരനായ രാഷ്ട്രത്തലവനെ തീരുമാനിക്കുന്നതില്‍ പങ്കെടുക്കാനുള്ള അവസരം സാമാജികര്‍ക്കു നല്‍കുന്നു. നമ്മുടെ ജനാധിപത്യം വിഷകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍, നിരാലംബരും പ്രാതിനിധ്യമില്ലാത്തവരുമായ സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിപക്ഷ സ്വരങ്ങളുടെ ഫലവത്തായ സംഗമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,” മമത എഴുതി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mamata banerjee meeting opposition leaders delhi presidential election

Best of Express