കൊല്‍ക്കത്ത: അസമിലെ ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്ററിന്റെ അവസാന കരട് പട്ടികയ്‌ക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആളുകളെ സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് വിഭജിച്ച് ഭരിക്കാനുള്ള തന്ത്രമാണെന്നുമായിരുന്നു മമതയുടെ പ്രതികരണം.
മനുഷ്യാവകാശ പ്രശ്നമായി ഇതിനെ കാണണമെന്നു പറഞ്ഞ മമത ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 40 ലക്ഷം പേര്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്നും അറിയിച്ചു. അതേസമയം, അസമിലേക്ക് തൃണമൂല്‍ എംപിമാരെ അയക്കുമെന്നും പറ്റുമെങ്കില്‍ താന്‍ തന്നെ സന്ദര്‍ശനം നടത്തുമെന്നും മമത അറിയിച്ചു.
നേരത്തെ, റജിസ്റ്ററിനെതിരെ കോണ്‍ഗ്രസടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. എന്‍ആര്‍സിയിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇതില്‍ ഭേതഗതി വരുത്തണമെന്നും ഖാര്‍ഗെ പറഞ്ഞു.
3.29 കോടി അപേക്ഷകരില്‍ 2.89 കോടി ആളുകളാണ് ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്. അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും.
അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും ഡ്രാഫ്റ്റിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പരാതികളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ പട്ടിക പ്രഖ്യാപിക്കുകയുള്ളൂവെന്നും എന്‍ആര്‍സി വ്യക്തമാക്കിയിരുന്നു.