ന്യൂഡല്‍ഹി: സിബിഐയെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മമത ബാനർജി ഇന്നലെ ആരംഭിച്ച ധർണ തുടരുകയാണ്. മെട്രോ ചാനല്‍ മേഖലയിലാണ് മമതയുടെ ധര്‍ണ. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരില്‍ അഞ്ചാമത്തെ ആളായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളായിരുന്നു കേന്ദ്രത്തിനെതിരെ ആദ്യം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2014 ജനുവരിയില്‍ കേന്ദ്രം അനാവശ്യ അധികാരം കാട്ടുന്നതായി ആരോപിച്ചായിരുന്നു കേജ്രിവാള്‍ രംഗത്തെത്തിയത്. സംസ്ഥാന പൊലീസിന്റെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈയില്‍ നിന്നും സംസ്ഥാനത്തിന് വിട്ടു നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു കേജ്രിവാള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്തെത്തിയ മറ്റൊരു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. 2018 ജൂണിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുളള കേന്ദ്ര നീക്കത്തിനെതിരെയായിരുന്നു രാജ്യതലസ്ഥാനത്ത് റെയില്‍ ഭവന് മുമ്പില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

പരസ്യമായി പ്രതിഷേധം സംഘടിപ്പിച്ച് രംഗത്തെത്തിയ മറ്റൊരാള്‍ മതിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി ആയിരുന്നു. കാവേരി വിഷയത്തിലായിരുന്നു ഏപ്രില്‍ മാസം പളനിസ്വാമിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മറ്റൊരാള്‍. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നായിഡു കറുത്ത വസ്ത്രം അണിഞ്ഞായിരുന്നു ബജറ്റിനെത്തിയത്. സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് കേന്ദ്രം കാണിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം നേരത്തേയും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook