കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച പ്രകടനത്തിനുളള പുരസ്കാരം ഓരോ ഉദ്യോഗസ്ഥരും മമതയില്‍ നിന്നും സ്വീകരിച്ച് സല്യൂട്ട് അടിച്ച് മടങ്ങി.

കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മമത ബാനർജി ഇന്നലെ ആരംഭിച്ച ധർണ തുടരുകയാണ്. ഈ വേദിയില്‍ വെച്ചാണ് പുരസ്കാരം വിതരണം ചെയ്തത്. മെട്രോ ചാനല്‍ മേഖലയിലാണ് മമതയുടെ ധര്‍ണ. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ധര്‍ണ.

അതേസമയം, മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. മമത ബാനർജിയെ ഫോണിൽ വിളിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, തേജ്വസി യാദവ്, ഡിഎംകെ, ടിഡിപി നേതാക്കളും മമതയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്.

Also Read: രാജീവ് കുമാര്‍ ഏറ്റവും മികച്ച ഉദ്യോഗസ്ഥന്‍, മോദി ഭരണഘടനയെ അട്ടിമറിക്കുന്നു; മമത ധർണ ആരംഭിച്ചു

പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എത്തിയതെന്നാണ് സിബിഐ പറയുന്നത്. ശാരദ, റോസ് വാല്ലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നേതൃത്വം നല്‍കിയ രാജീവ് കുമാറിനോട് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. ചിട്ട് ഫണ്ട് തട്ടിപ്പ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണത്തിന്റെ മേധാവിയായ രാജീവ് കുമാര്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ALso Read: പിടികൂടിയ സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചു; സുപ്രീം കോടതിയെ സമീപിക്കാന്‍ സിബിഐ

രാജീവ് കുമാറിന്റെ ലൂദന്‍ സ്ട്രീറ്റിലെ വസതിയിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ കൊല്‍ക്കത്ത പൊലീസ് സിബിഐ ഉദ്യോഗസ്ഥരെ കമ്മീഷണറുടെ വീടിന് പുറത്ത് തടഞ്ഞു. പൊലീസും സിബിഐയും തമ്മില്‍ കൈയ്യാങ്കളി ആയതിന് പിന്നാലെ ചില സിബിഐ ഉദ്യോഗസ്ഥരെ ഷേക്‌സ്പിയര്‍ സരണി പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി. ഇതിന് പിന്നാലെ മമത ബാനര്‍ജി കമ്മീഷണറുടെ വീട്ടിലെത്തി.

8.00 PM: സിബിഐയുടെ നടപടിയും മമതയുടെ ധര്‍ണയും രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്.

7.30 PM: സിബിഐയുടെ പരാതി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നാളെ കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ജസ്റ്റിസ് സഞ്ജയ് ഖന്നയുമാണ് ബെഞ്ചിലുള്ളത്.

5.45 PM: തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയാണ് നിങ്ങൾ തൊട്ടതെങ്കിൽ ഞാനിത്രയും പ്രകോപിതയാകില്ലായിരുന്നു. കൊൽക്കത്ത പൊലീസ് കമ്മിഷ്ണറെ അപമാനിക്കാൻ ശ്രമിച്ചതാണ് എന്നെ ദേഷ്യപ്പെടുത്തിയതെന്ന് മമത പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

5.30 PM: മമത ബാനർജിക്ക് പിന്തുണയുമായി കനിമൊഴി. ജനാധിപത്യത്തെയും ഫെഡലറലിസത്തെയും ഭരണഘടനയെയും വില മതിക്കുന്നവർ മമതയ്ക്ക് ഒപ്പം നിൽക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു

5.15 PM: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടുന്നതിന് എന്തിനാണെന്ന് ശത്രുഘ്‌നൻ സിൻഹ.

4.50 PM: സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂറിലെ പാർട്ടി ഓഫീസ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തകർത്തതായി ബിജെപി ആരോപണം. നിയമസഭ തിരഞ്ഞെടുപ്പിൽ ഭവാനിപൂരിൽനിന്നാണ് മമത ബാനർജി മത്സരിച്ചത്. ”സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായി തകർന്നു. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ ആരും സുരക്ഷിതരല്ല,” ബിജെപി ട്വീറ്റ് ചെയ്തു.

4.30 PM: സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ ബംഗാൾ ഗവർണർ റിപ്പോർട്ട് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിനാണ് റിപ്പോർട്ട് കൈമാറിയത്.

4.10 PM: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സിബിഐയെ കേന്ദ്ര സർക്കർ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ബിജെഡി. ഒഡിഷയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി സിബിഐയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ പെട്ടെന്നുള്ള നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ബിജെഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

3.25 PM: സിബിഐയെ ദുരുപയോഗം ചെയ്യുന്നത് ദുഃഖകരമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സിബിഐയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത ബാനർജിയുടെ സമരത്തിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.

2.30 PM: കേന്ദ്രം ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് മമത ബാനർജി. രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്നതുവരെ സത്യാഗ്രഹം തുടരു. മോദി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും മമത.

1.15 PM: അഡീഷണൽ ഡയറക്ടർ ഇന്റലിജൻസ് ബ്യൂറോ (എസ്ഐബി) പശ്ചിമ ബംഗാൾ മനോജ് ലാൽ പശ്ചിമ ബംഗാൾ ഗവർണർ കേസ്ഹരി നാഥ് ത്രിപതിയെ രാജ്ഭവനിലെത്തി കണ്ടതായി എഎൻഐ റിപ്പോർട്ട്

ധർണയ്ക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. (Express photo Shashi Ghosh)

12.50 PM: ശാരദ ചിട്ട് ഫണ്ട് കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. പൊലീസ് കമ്മിഷ്ണർക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് അയച്ചു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

12.30 PM: സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞത് നിർഭാഗ്യകരമെന്നും ഫെഡറൽ സംവിധാനത്തിന് ഭീഷണിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ ഗവർണറിൽനിന്നും റിപ്പോർട്ട് തേടിയെന്നും അദ്ദേഹം വ്യക്തമാക്കി

12.20 PM: സിബിഐ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് പ്രകാശ് ജാവഡേക്കർ. ഇത് ജനാധിപത്യത്തോടുള്ള അനീതിയാണ്. മമത എന്തിനാണ് ധർണ നടത്തുന്നത്. ആരെയാണ് മമത ഒളിപ്പിക്കാൻ ശ്രമിക്കുന്നത്, പൊലീസ് കമ്മിഷ്ണറയോ അതോ സ്വയമോ?.

12.05 PM: കൊൽക്കത്തയിൽ ഇന്നലെ നടന്ന സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മമത സർക്കാരിനോട് റിപ്പോർട്ട് തേടി

11.50 AM: സിബിഐയും മമത ബാനർജിയും തമ്മിലുള്ള പ്രശ്നം തൃണമൂൽ കോൺഗ്രസ് പാർലമെന്റിൽ ഉന്നയിച്ചു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി

11.40 AM: മമത ബാനർജിയുടെ ആരോപണങ്ങൾ ശരിയാണ്. രാജ്യം അപകടത്തിലാണ് കേന്ദ്രസർക്കാരല്ല, ജനങ്ങളാണ് രാജ്യത്തിന്റെ യജമാനരെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള

11.20 AM: ബംഗാൾ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പശ്ചിമ ബംഗാൾ ഗവർണർ കേസ്ഹരി നാഥ് ത്രിപതിയിൽനിന്നും വിവരങ്ങൾ ആരാഞ്ഞതായി വിവരം.

10.50 AM: തെളിവ് നശിപ്പിച്ചതിന്റെ രേഖകൾ നാളെ ഹാജരാക്കാനും കോടതി സിബിഐയോട് നിർദേശിച്ചു

10.40 AM: ബംഗാൾ ചീഫ് സെക്രട്ടറിക്കെതിരെയും ഡിജിപിക്കുമെതിരെയും കോടതിയലക്ഷ്യത്തിന് സിബിഐ ഹർജി സമർപ്പിച്ചു.

10.30 AM: ശാരദ ചിട്ടി ഫണ്ട് കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് സിബിഐ ഹർജിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദേശം നല്‍കി ഉത്തരവ് ഇറക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

10.15 AM: കേസ് അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസ് നാളെ രാവിലെ 10,30ന് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

10.00 AM: ബംഗാൾ വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. അടിയന്തരപ്രമേയത്തിന് തൃണമൂൽ കോൺഗ്രസ് നോട്ടീസ് നൽകി

09.45 AM: പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകർക്കുമെന്ന് രാഹുൽ ഗാന്ധി

09.15 AM: കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്ന് മമത ബാനർജി

ഫെട്ടോ: ശശി ഘോഷ്

09.00 AM: പ്രത്യേക പന്തൽ കെട്ടിയാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ ധർണ നടത്തുന്നത്

08.30 AM: മമത ബാനർജിക്ക് പിന്തുണയുമായും കൂടുതൽ ആളുകൾ ധർണ വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു

ഫെട്ടോ: ശശി ഘോഷ്

ഫെട്ടോ: ശശി ഘോഷ്

08.15 AM: പൊലീസ് നടപടിക്കെതിരെ പൊലീസ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും

07.45 AM: പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്

07.30 AM: മമതയുടെ തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് രാഹുൽ ഗാന്ധി

07.00 AM: ബംഗാളിലെ സംഭവങ്ങളിൽ ഗവർണർ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം തേടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook