ബെംഗളൂരു: നരേന്ദ്ര മോദിയുടെ ഭരണത്തിൽ ജനങ്ങൾ നിരാശരാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നല്ലൊരു ഭരണാധികാരിയാണെന്നും രാജ്യത്തെ നയിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

”എന്നെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പ്രധാന ഘടകം നേതൃനിരയിൽ ആരെന്നത് സംബന്ധിച്ചല്ല. നരേന്ദ്ര മോദി ഭരണത്തിൽ ജനങ്ങളെല്ലാം നിരാശയിലാണ്. മിക്ക സംസ്ഥാനങ്ങൾക്കും അവരുടേതായ നിരവധി പ്രശ്നങ്ങളുണ്ട്. തിരഞ്ഞെടുപ്പിനു മുൻപേ ഒരു നേതാവിനെ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല,” പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

”രാജ്യത്തെ വികസന പാതയിൽ നയിക്കുന്നതിനുള്ള നിരവധി നേതാക്കളുണ്ട്. മുൻ സർക്കാർ പരാജയപ്പെട്ടിടത്ത് അവർക്ക് വിജയിക്കാനാവും. പക്ഷേ തിരഞ്ഞെടുപ്പിനുശേഷം ഒരുമിച്ചിരുന്ന് വേണം നമ്മുടെ നേതാവിനെ തിരഞ്ഞെടുക്കാൻ.”

”രാജ്യത്തെ നയിക്കാനുള്ള കഴിവ് മമത ബാനർജിക്കുണ്ട്. അവർ വളരെ സിംപിളാണ്, നല്ലൊരു ഭരണാധികാരിയാണ്. രാജ്യത്തെ നയിക്കാനുള്ള എല്ലാ കഴിവും അവർക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വർഷങ്ങളായുള്ള പശ്ചിമ ബംഗാളിലെ ഭരണത്തിലൂടെ അവർ അത് തെളിയിച്ചു കഴിഞ്ഞു,” മമതയെ പ്രകീർത്തിച്ച് കുമാരസ്വാമി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മമത ബാനർജി മഹാറാലി സംഘടിപ്പിച്ചത്. നരേന്ദ്ര മോദി സർക്കാരിനെതിരെ ഒന്നിച്ചുനിന്ന് പോരാടുകയായിരുന്നു ലക്ഷ്യം. 22 പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. ജനതാദൾ (എസ്) നേതാവ് കുമാരസ്വാമിയും റാലിയിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook