ന്യൂഡല്‍ഹി: അസമിലെ ദേശീയ റജിസ്റ്ററിന്റെ കരട് പട്ടിക പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും. നാല്പത് ലക്ഷത്തോളം ആളുകളെ ഒഴിവാക്കിക്കൊണ്ടാണ് കരട് പട്ടിക പുറത്തുവിട്ടത്. ആളുകളെ സ്വന്തം രാജ്യത്ത് അഭയാർത്ഥികളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇന്നലെ മമത പ്രതികരിച്ചിരുന്നു.

“ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും അടക്കമുള്ള സര്‍ക്കാര്‍ രേഖകളുള്ളവര്‍ വരെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ് ഇന്നവര്‍ അഭയാർത്ഥികള്‍ ആയിരിക്കുന്നത്. ഇതിനോടകം തന്നെ ഞങ്ങള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. വൈകാതെ തന്നെ അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ഞാനീ വിഷയം ധരിപ്പിക്കുന്നതായിരിക്കും”, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

3.29 കോടി അപേക്ഷകരില്‍ 2.89 കോടി ആളുകളാണ് ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ ആദ്യ കരടില്‍ 1.9 കോടി ആളുകളാണ് ഉള്‍പ്പെട്ടത്. അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാത്തവര്‍ വിദേശികളാണെന്ന് പ്രഖ്യാപിക്കപ്പെടും. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അടങ്ങിയ ഒരു സംഘം വ്യാഴാഴ്ച അസം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും.

അതേസമയം മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന മമതാ ബാനജി ബിജെപി വിമത നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അസം ദേശീയ റജിസ്റ്റര്‍ ബിജെപിക്കെതിരായ ആയുധമാക്കാനാവും ശ്രമം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ