/indian-express-malayalam/media/media_files/uploads/2019/05/Mamata-Banerjieeee.jpg)
കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശിയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തുടർച്ചയായ പ്രതിഷേധത്തിന്റെ മൂന്നാം ദിവസവും കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കടന്ന് ആക്രമിച്ചുകൊണ്ടായിരുന്നു മമതയുടെ വാക്കുകൾ. ദേശീയ പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമയും പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് അവർ വ്യക്തമാക്കി. രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണെന്നും അവർ ആരോപിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായെയും അവർ ശക്തമായി വിമർശിച്ചു. അഭയർത്ഥികളെ പാർപ്പിക്കാൻ എത്ര തടവറകൾ അമിത് ഷാ നിർമ്മിക്കുമെന്ന് മമത ചോദിച്ചു. "അമിത് ഷാ നിങ്ങൾ ആഭ്യന്തര മന്ത്രി കൂടിയാണ്, ബിജെപി നേതാവ് മാത്രമല്ല. രാജ്യത്ത് സമാധാനം പുലർത്തണം. രാജ്യം കത്തില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളാണ്. തീയണയ്ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്." മമത പറഞ്ഞു.
നിങ്ങൾ ‘സബ്​ കെ സാത്​ സബ് ​കെ വികാസ്​’ അല്ല, പകരം ‘സബ്​ കെ സാത്​ സർവനാശ്​’ ആണ്​ നടപ്പാക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി പറയുന്നതനുസരിച്ച്​ ആധാർ പൗരത്വ രേഖയല്ലെങ്കിൽ എന്തിനാണ്​ അത്​ ക്ഷേമ പദ്ധതികൾക്കും ബാങ്കിങ്​ സംവിധാനങ്ങൾക്കുമൊപ്പം കൂട്ടിച്ചേർത്തത്​.​​? അവർക്ക്​ ഈ രാജ്യത്തെ മുഴുവൻ ഒരു തടവറയിലേക്ക്​ എത്തിക്കുകയാണ്​ വേണ്ടത്​. അത്​ സംഭവിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും സൂര്യനും ചന്ദ്രനും നിലനിൽക്കുന്നിടത്തോളം കാലം തങ്ങളുടെ പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അത് നടപ്പാക്കുന്നത് ഒന്നു കാണണമെന്നും മമത കൂട്ടിച്ചേർത്തു.നിങ്ങൾക്ക് 35 ശതമാനം ആളുകളുടെ മാത്രം വോട്ടാണുള്ളതെന്നും ബാക്കി 65 ശതമാനം ആളുകളും നിങ്ങൾക്കൊപ്പമല്ലെന്ന് മമത ബിജെപിയെ ഓർമ്മപ്പെടുത്തി.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊല്‍ക്കത്തയില്‍ പടുകൂറ്റന്‍ റാലിയാണ് മമത നടത്തിയത്. ആയിര കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ അണിനിരന്നത് . കേന്ദ്ര സർർക്കാരിനെതിരെയുള്ള പ്രതിഷേധം ദിവസങ്ങൾ കഴിയും തോറും പശ്ചിമ ബംഗാളിൽ വർധിച്ചുവരുകയാണ്. പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ടു വന്ന മൂന്ന് മുഖ്യമന്ത്രിമാരിൽ ഒരാളാണ് മമത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.