പശ്ചിമ ബംഗാളിലെ നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷങ്ങൾക്കിടയിൽ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് കൂട്ടക്കൊലയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൂച്ച് ബീഹാർ ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ നടന്ന വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.
“ഇത് മറ്റൊന്നുമല്ല കൂട്ടക്കൊലയാണ്, ആളുകളുടെ നെഞ്ചത്താണ് വെടിവെച്ചിരിക്കുന്നത്, ജനക്കൂട്ടത്തെ പിരിച്ചുവിടുക എന്നതായിരുന്നു ഉദ്ദേശമെങ്കിൽ അവർക്ക് കാലിൽ വെടിവെക്കാമായിരുന്നു.” സിലിഗുരിയിൽ നടന്ന പത്രസമ്മേളനത്തിൽ മമത പറഞ്ഞു.
ശനിയാഴ്ച്ച സിതല്‍കൂച്ചി മണ്ഡലത്തിലെ 126 ആം ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.
സംഘർഷത്തെ തുടർന്ന് 72 മണിക്കൂറിലേക്ക് സിതല്‍കൂച്ചി സന്ദർശിക്കുന്നതിന് രാഷ്ട്രീയ നേതാക്കൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ ഉത്തരവിനെയും മമത രൂക്ഷമായി വിമർശിച്ചു. മരിച്ചവരുടെ ബന്ധുക്കളെ കാണുന്നതിൽ നിന്ന് തന്നെ തടയാൻ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവെന്ന് മമത പറഞ്ഞു. ”എന്നെ തടയാൻ മാത്രമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ഉത്തരവുകൾ ഇറക്കുന്നത് നിർഭാഗ്യകരമാണ്, എന്തായാലും 72 മണിക്കൂറുകൾക്ക് ശേഷം ഞാൻ അവിടെ പോകും. എന്റെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് എനിക്ക് കഴിയും വിധത്തിലൊക്കെ ആ കുടുംബങ്ങളെ സഹായിക്കുകയും ചെയ്യും” മമത പറഞ്ഞു. പത്രസമ്മേളനത്തിനിടയിൽ കുടുംബങ്ങളുമായി വീഡിയോ കോളിലൂടെ മമത സംസാരിക്കുകയും ചെയ്തിരുന്നു.
Read Also: രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍
നേരത്തെ ട്വിറ്ററിലൂടെയും തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മമത എത്തിയിരുന്നു. “ഇസി എന്നത് മാറ്റി എംസിസി മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം! ബിജെപിക്ക് എന്തും ചെയ്യാം പക്ഷെ വേദന അനുഭവിക്കുന്ന എന്റെ ജനങ്ങളിൽ നിന്ന് ഒന്നിനും എന്നെ തടയാൻ കഴിയില്ല, കൂച് ബിഹാറിലുള്ള എന്റെ സഹോദരങ്ങളെ സന്ദർശിക്കുന്നതിൽ നിന്ന് അവർക്ക് എന്നെ മൂന്ന് ദിവസം തടയാൻ സാധിക്കും എന്നാൽ നാലാം ദിവസം ഞാൻ അവിടെയുണ്ടാകും.” മമത കുറിച്ചു.