കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തില്‍ പല കോണുകളില്‍ നിന്നും ചര്‍ച്ചകള്‍ ഉയരാന്‍ കാരണമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.

സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തു കൊണ്ടായിരുന്നു മമത രംഗത്തെത്തിയത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വിഷയം ചര്‍ച്ച ചെയ്യുകയുള്ളൂവെന്നായിരുന്നു മമതയുടെ പ്രതികരണം.

”2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രധാനമന്ത്രിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയുള്ളൂ, പ്രതിപക്ഷ സഖ്യത്തിന്റെ വിജയത്തിന് ശേഷം. എല്ലാ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തായിരിക്കും തീരുമാനത്തിലെത്തുക. അത് ഞങ്ങളെല്ലാവരും അംഗീകരിക്കുകയും ചെയ്യും” മമത പറഞ്ഞു.

അതേസമയം, മമതയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുമോ എന്ന ചോദ്യത്തില്‍ നിന്നും മമത ഒഴിഞ്ഞു മാറി. ഇതൊന്നും ചര്‍ച്ച ചെയ്യാനുള്ള സമയമല്ലിതെന്നും താന്‍ ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു മമതയുടെ പ്രതികരണം.

നേരത്തെ സമാനമായ രീതിയില്‍ തന്നെ സ്റ്റാലിന്റെ പ്രസ്താവനയോട് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചിരുന്നു. തീരുമാനം സഖ്യത്തിന്റേതായിരിക്കുമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയിലായിരുന്നു സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദേശിക്കുന്നതായി പറഞ്ഞത്. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തെ പരാജയപ്പെടുത്താന്‍ കഴിവുള്ള ഒരേയൊരു നേതാവെന്നായിരുന്നു സ്റ്റാലിന്‍ രാഹുലിനെ വിശേഷിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നും വിജയത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചെത്തിയ വേദിയിലായിരുന്നു സ്റ്റാലിന്റെ പ്രസ്താവന.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ