ന്യൂഡൽഹി: എസ്ബിഐ അടക്കമുളള ബാങ്കുകളിൽനിന്നും വിവാദ വ്യവസായി വിജയ് മല്യ വായ്പയെടുത്ത ആറായിരം കോടി രൂപ വിദേശത്തേക്ക് കടത്തിയതായി സിബിഐ കണ്ടെത്തി. യുകെ, യുഎസ്, ഫ്രാൻസ് തുടങ്ങി 7 രാജ്യങ്ങളിലേക്ക് കടലാസ് കമ്പനികൾ വഴിയാണ് പണം കടത്തിയത്. ഇതും കൂടി ഉൾപ്പെടുത്തിയുളള കുറ്റപത്രമായിരിക്കും സിബിഐ സമർപ്പിക്കുക. ബ്രിട്ടനിൽനിന്ന് മല്യയെ വിട്ടു കിട്ടുന്നതിനുളള നടപടികൾക്ക് ഈ കുറ്റവും സഹായിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.
17 ബാങ്കുകളിൽനിന്നായി വായ്പയെടുത്ത 6, 027 കോടി രൂപ തിരിച്ചടക്കാതെയാണ് മല്യ രാജ്യം വിട്ടത്. ഇപ്പോൾ ഇത് പലിശയടക്കം ഒൻപതിനായിരം കോടി രൂപയായിട്ടുണ്ട്. എസ്ബിഐയിൽനിന്നു മാത്രം 1600 കോടിയാണ് വായ്പയെടുത്ത്.
കഴിഞ്ഞ വർഷം മാർച്ച് രണ്ടിനാണ് വിജയ് മല്യ ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് കടന്നത്. മല്യയെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരാനുളള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ നാളായി. വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.