ഗഡാഗ് (കർണാടക): പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാമ്പിനെ പോലെയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്ന് പരിശോധിക്കാൻ ശ്രമിക്കരുത്. ആ വിഷം രുചിച്ചാൽ നിങ്ങൾ മരിക്കുമെന്ന് ഖാർഗെ പറഞ്ഞു. ഗഡാഗ് ജില്ലയിലെ റോണിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നീട് തന്റെ പരാർശത്തിൽ വിശദീകരണവുമായി ഖാർഗെ രംഗത്തെത്തി. ”ബിജെപി പാമ്പിനെ പോലെയെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ മോദിയെ അല്ല അങ്ങനെ വിളിച്ചത്. വ്യക്തിപരമായ ആക്രമണങ്ങൾ നടത്തില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് (ബിജെപി) പ്രത്യയശാസ്ത്രം വിഷമാണെന്നാണ്. നിങ്ങൾ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുകയും അതിന്റെ രുചി ആസ്വദിക്കുകയും ചെയ്താൽ മരണം ഉറപ്പാണ്,” മാധ്യമ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
”എന്റെ അഭിപ്രായങ്ങൾ പ്രധാനമന്ത്രി മോദിയെയോ മറ്റേതെങ്കിലും വ്യക്തിയെയോ വ്യക്തിപരമായി ആക്രമിക്കുകയല്ല, മറിച്ച് അവർ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തെയാണ്. കോൺഗ്രസിന്റെ പോരാട്ടം വ്യക്തിപരമല്ല, മറിച്ച് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ്. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്തുക എന്നതല്ല എന്റെ ഉദ്ദേശം, അറിഞ്ഞോ അറിയാതെയോ ആരുടെയെങ്കിലും വികാരങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഒരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല,” അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.
കരയ്ക്ക് പിടിച്ചിട്ട മീനിന്‍റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നൽകിയ മറുപടി. കോൺഗ്രസ് മല്ലികാർജുൻ ഖാർഗെയെ പാർട്ടി അധ്യക്ഷനാക്കിയെങ്കിലും ആരും അദ്ദേഹത്തെ പരിഗണിക്കാത്തതിനാൽ സോണിയ ഗാന്ധി പറഞ്ഞതിനെക്കാൾ മോശമായ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം ആലോചിച്ചുവെനന് താക്കൂർ പറഞ്ഞു.
അതേസമയം, ഖാർഗയ്ക്കെതിരെ ബിജെപി കർണാടക യൂണിറ്റ് തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്. മോദിയെ പല പേരുകളിൽ വിളിക്കുന്ന പ്രവണതയാണ് കോൺഗ്രസിനുള്ളതെന്ന് കേന്ദ്രമന്ത്രിയും കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി ചുമതലയുള്ള ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ അദ്ദേഹം ഈ മോശം പ്രയോഗം ഉപയോഗിച്ചിരിക്കാം. രാഷ്ട്രീയ പരിചയമുള്ള ആരും ഇത്തരം വാക്കുകൾ ഉപയോഗിക്കാറില്ല. ഖാർഗെയോട് മോദി എല്ലായ്‌പ്പോഴും ബഹുമാനം കാണിച്ചിരുന്നുവെന്നും പ്രധാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.