ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യസർക്കാർ അധികാരത്തിൽ വരുമെന്നും കോൺഗ്രസ് നയിക്കുമെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തന്റെ പാർട്ടി മറ്റ് പാർട്ടികളുമായി ചർച്ച നടത്തി വരികയാണ്. 2024 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സഖ്യസർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന റായ്പൂർ പ്ലീനറി സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം.
കർണാടക, മണിപ്പൂർ, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ എംഎൽഎമാരെ സമ്മർദത്തിലാക്കി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കുകയാണ് ബിജെപിയെന്ന് നാഗാലാൻഡിലെ ചുമുകെദിമയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ഖാർഗെ ആരോപിച്ചു.
”ഒരു വശത്ത് നിങ്ങൾ ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് സംസാരിക്കുന്നു. മറു വശത്ത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളെല്ലാം ജനാധിപത്യ വിരുദ്ധമാണ്. നിങ്ങൾ ഭരണഘടനയെ പിന്തുടരുന്നില്ല. നിങ്ങൾ ജനാധിപത്യ തത്വങ്ങൾക്കനുസരിച്ചല്ല പോകുന്നത്. രാജ്യത്തെ നേരിടാൻ കഴിയുന്ന ഒരേയൊരു മനുഷ്യൻ ഞാനാണെന്നും മറ്റാർക്കും എന്നെ തൊടാൻ കഴിയില്ലെന്നും മോദി പലതവണ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ജനാധിപത്യ വിശ്വാസിയായ ഒരാൾക്കും അങ്ങനെ പറയാൻ സാധിക്കില്ല. നിങ്ങൾ ജനാധിപത്യത്തിലാണെന്ന് ഓർക്കണം. നിങ്ങൾ ഒരു സ്വേച്ഛാധിപതിയോ ഏകാധിപതിയോ അല്ല. ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. 2024 ൽ ജനങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും,” ഖാർഗെ പറഞ്ഞു.
അടുത്ത വർഷം കോൺഗ്രസ് നയിക്കുന്ന സഖ്യ സർക്കാർ അധികാരത്തിൽ വരുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ”2024 ൽ സഖ്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരും. കോൺഗ്രസ് നയിക്കും. മറ്റു പാർട്ടികളുമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്. അതല്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയുമൊന്നും ഉണ്ടാവില്ല. അതിനാൽ ഓരോ പാർട്ടികളെയും ഞങ്ങൾ വിളിക്കുകയും അവരുമായി സംസാരിക്കുകയും 2024 ലെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാമെന്ന ഞങ്ങളുടെ കാഴ്ചപ്പാടുകൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല. ചിലർ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറയുന്നു. എല്ലാ പാർട്ടികളും ഒരുമിച്ച് നിന്നാൽ, കോൺഗ്രസ് നയിക്കുകയും നമുക്ക് ഭൂരിപക്ഷം കിട്ടുകയും ചെയ്യും. ഞങ്ങൾ ഭരണഘടനെ പിന്തുടരും. ഞങ്ങൾ ജനാധിപത്യം പിന്തുടരും,”
ഖാർഗെ അഭിപ്രായപ്പെട്ടു. 100 മോദിമാരും ഷാമാരും വരട്ടെ, ഇത് ഇന്ത്യയാണ്, ഇവിടെ ഭരണഘടന വളരെ ശക്തമാണെന്നും ഖാർഗെ വ്യക്തമാക്കി.