ന്യൂഡല്‍ഹി: സമഗ്രമായ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് അവിഭാജ്യ ഘടകമായി ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതുക്കിയ ജാതി സെന്‍സസിന്റെ അഭാവം അര്‍ത്ഥവത്തായ സാമൂഹ്യനീതിക്കും ശാക്തീകരണ പരിപാടികള്‍ക്കും, പ്രത്യേകിച്ച് ഒബിസികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു വിശ്വസനീയമായ ഡാറ്റാബേസ് അപൂര്‍ണ്ണമാകുമെന്നതില്‍ ആശങ്കയുള്ളതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിനൊപ്പം മറ്റ് പാര്‍ട്ടികളിലെ എംപിമാരും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിവിധ അവസരങ്ങളില്‍ സെന്‍സസ് നടപ്പാക്കുന്നത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ 2011-12ല്‍ 25 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആദ്യത്തെ സാമൂഹിക സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) നടത്തിയതും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
2014 മേയില്‍ നിങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോണ്‍ഗ്രസും മറ്റ് എംപിമാരും ജാതിവിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങളാല്‍ അത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. പുതുക്കിയ ജാതി സെന്‍സസിന്റെ അഭാവത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തികരണത്തിനും സാമൂഹ്യനീതിക്കും വിശ്വസനീയമായ വിവരങ്ങള്‍ അപൂര്‍ണമാകുമെന്ന് ഖാര്‍ഗെ കത്തില്‍ പറഞ്ഞു. ഈ സെന്‍സസ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
2011-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യമുന്നയിച്ച് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഞായറാഴ്ച കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതുപരിപാടിയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലള്ള യുപിഎ സര്‍ക്കാര്‍ നടത്തിയ സാമൂഹിക-സാമ്പത്തിക, ജാതി സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള സംവരണത്തിന്റെ 50% പരിധി എടുത്തുകളയുന്നതിലെ എതിര്‍പ്പും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.