ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും ഇന്ത്യയുടെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആശയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെയും (ടിഎംസി) രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മേഘാലയിലെ ഷില്ലോങ്ങില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടിഎംസിയുടെ ചരിത്രം നിങ്ങള്‍ക്കറിയാം. ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നിങ്ങള്‍ക്കറിയാം. തട്ടിപ്പുകളെ കറിച്ചറിയാം, ശാരദാ തട്ടിപ്പ് നിങ്ങള്‍ക്കറിയാം. അവരുടെ പാരമ്പര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധമുണ്ട്. അവര്‍ ഗോവയില്‍ എത്തി, ഗോവയില്‍ വന്‍ തുക ചെലവഴിച്ചു. ബി.ജെ.പിയെ സഹായിക്കാനായിരുന്നു ആലോചന. മേഘാലയയിലെ ആശയം ഇതാണ്. മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആശയം ബിജെപിയെ ശക്തിപ്പെടുത്തുകയും അധികാരം നേടുകയും ചെയ്യുക എന്നതാണ്, ”അദ്ദേഹം പറഞ്ഞു.
തന്റെ പാര്‍ട്ടി മറ്റ് പ്രതിപക്ഷ സംഘടനകളുമായി ചര്‍ച്ച നടത്തുകയാണെന്നും 2024ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരുമെന്നും നാഗാലാന്‍ഡില്‍ നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ടിഎംസിക്കെതിരായ അദ്ദേഹത്തിന്റെ ആക്രമണം.
ഇന്ത്യയുടെ സൗന്ദര്യം അതിന്റെ വൈവിധ്യമാണെന്നും എന്നാല്‍ ബിജെപിയും ആര്‍എസ്എസും അത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മതത്തെയും ആക്രമിച്ച് നശിപ്പിക്കുകയാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് ഒന്നിലധികം ആശയങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. ഇന്ത്യ ഒരു ആശയമല്ല, ഒരു സമുദായമല്ല, ഒരു ഭാഷയല്ല, ഒരു മതമല്ല. എന്നാല്‍ ഇന്ത്യ പല പല ആശയങ്ങള്‍, പല മതങ്ങള്‍, പല സമൂഹങ്ങള്‍, പല ഭാഷകള്‍, പല സംസ്‌കാരങ്ങള്‍,’ എന്നിവ ചേര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.