ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരത്തിലെ ബി ജെ പിയുടെ പങ്കിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രശ്നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാഗ്വാദത്തെത്തുടര്ന്നു പാര്‍ലമെന്റ് പ്രക്ഷുബ്ധമായെങ്കിലും അദ്ദേഹം ആക്രമണത്തിനു മൂര്‍ച്ച കൂട്ടി. ‘സ്വാതന്ത്ര്യസമരത്തില്‍ അവര്‍ക്ക് പങ്കില്ലെ’ന്ന് ഇപ്പോഴും തനിക്കു പറയാന്‍ കഴിയുമെന്നു ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുവേണ്ടി ‘ബി ജെ പിക്ക് ഒരു നായയെപ്പോലും നഷ്ടപ്പെട്ടിട്ടില്ല’ എന്നായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. പരാമര്‍ശം തെറ്റാണെന്നും ഖാര്‍ഗെ മാപ്പു പറയണമെന്നും ഭരണപക്ഷത്തെ നിരവധി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
”രാജസ്ഥാനിലെ ആല്‍വാറില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ ഞാന്‍ പറഞ്ഞതു സഭയ്ക്കു പുറത്തായിരുന്നു. ഞാന്‍ രാഷ്ട്രീയമായി പറഞ്ഞത് സഭയ്ക്കു പുറത്തായിരുന്നു, അല്ലാതെ അകത്തല്ല. അത് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല,” ഖാര്‍ഗെ സഭയില്‍ പറഞ്ഞു.
”മാപ്പുപറയാന്‍ സ്വാതന്ത്ര്യസമരത്തില്‍ പോരാടിയവരോട് മാഫി മാംഗ്നെ വാലെ ലോഗ് (മാപ്പ് ചോദിക്കുന്നവര്‍) ആവശ്യപ്പെടുന്നു… ഇന്ദിരാഗാന്ധിയും രാജീവും സ്വയം ജീവത്യാഗം ചെയ്തുവെന്നു ഞാന്‍ പറഞ്ഞു. ഈ രാജ്യത്തിന്റെ ഐക്യത്തിനായി നിങ്ങളില്‍ ആരാണ് ജീവന് നല്‍കിയത്?”ഖാര്‍ഗെ ചോദിച്ചു.
സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്കിനെക്കുറിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിങ്കളാഴ്ച നടന്ന റാലിയില്‍ ഖാര്‍ഗെ എടുത്തുപറഞ്ഞിരുന്നു. ”നിങ്ങളുടെ വീട്ടിലെ നായ പോലും രാജ്യത്തിനുവേണ്ടി ചത്തിട്ടുണ്ടോ? എന്നിട്ടും അവര്‍ ദേശസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങളെ ദേശദ്രോഹികളെന്നു വിളിക്കുന്നു,” ഖാര്‍ഗെ പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
”സിംഹത്തെപ്പോലെ സംസാരിക്കുന്നവര്‍ എലിയെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്,” എന്ന് അതിര്‍ത്തില്‍ ചൈന നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വിഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ഖാര്‍ഗെ പരിഹസിച്ചു.
ഖാര്‍ഗെയുടെ പരാമര്‍ശത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ പതിനൊന്നാം പ്രവൃത്തി ദിനത്തില്‍ ബിജെപിയും പ്രതിപക്ഷവും ഒന്നിലധികം തവണ കടുത്ത വാഗ്വാദത്തിനു കാരണമായി. ആല്‍വാറില്‍ നിന്ദ്യമായ ഭാഷ ഉപയോഗിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പ് പറയണമെന്നു മന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
ഖാര്‍ഗെ ഉപയോഗിച്ച ഭാഷ അപലപനീയമാണെന്ന് ബി ജെ പി എംപി സുധാന്‍ശു ത്രിവേദി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. ഖാര്‍ഗെയുടെ ഭാഷ അപലപനീയമാണ്. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടുത്ത് അവര്‍ (കോണ്‍ഗ്രസ്) ആസാദ് ഹിന്ദ് ഫൗജിലെ വിപ്ലവകാരികളെയും സൈനികരെയും അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.