റായ്പുര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി(സി ഡബ്ല്യു സി)യിലേക്കു തിരഞ്ഞെടുപ്പ് വേണ്ടൈന്നു നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള ഗാന്ധി കുടുംബാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
പ്രവര്‍ത്തക സമിതി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്താന്‍ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനു പാര്‍ട്ടി കമ്യൂണിക്കേഷന്‍ മേധാവി ജയറാം രമേശ് പറഞ്ഞു.
യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള മുന്‍ അധ്യക്ഷരായ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെയും തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി. അതേസമയം, ശനി, ഞായര്‍ ദിവസങ്ങളില്‍ റായ്പുരില്‍ നടക്കുന്ന എ ഐ സി സി പ്ലീനറി സമ്മേളനത്തില്‍ മൂവരും പങ്കെടുക്കും.
പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളുണ്ടായതായാണു ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തുകയെന്നതാണു ശക്തവുമായ കാഴ്ചപ്പാടെന്നു ജയറാം രമേശ് പറഞ്ഞു.
”പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന് അധികാരം നല്‍കാന്‍ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഈ വിഷയത്തില്‍ ഞങ്ങള്‍ രണ്ടര മണിക്കൂര്‍ ചര്‍ച്ച നടത്തി,” അദ്ദേഹം പറഞ്ഞു.
രാജ്യവും മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ കണക്കിലെടുത്തും പാര്‍ട്ടി ഭരണഘടനയില്‍ കൊണ്ടുവരാന്‍ വരാത്തിനിരിക്കുന്ന ഭേദഗതികള്‍ മനസില്‍വച്ചുമാണു തീരുമാനമെന്നു ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കു പ്രവര്‍ത്തകസമിതിയില 50 ശതമാനം സംവരണം നല്‍കണമെന്നതാണു ഭേദഗതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതെതെന്നും അദ്ദേഹം പറഞ്ഞു.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍, തീരുമാനമെടുക്കുന്നതില്‍ അവരുമായി കൂടിയാലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, സ്റ്റിയറിങ് കമ്മിറ്റിയിലെ 45 ഓളം അംഗങ്ങള്‍ പങ്കെടുത്തതായി ജയറാം രമേശ് പറഞ്ഞു.
”വീഡിയോ കോണ്‍ഫറന്‍സിങ് നടന്നിട്ടില്ല. സൂമില്‍ ആരും ഉണ്ടായിരുന്നില്ല. സന്നിഹിതരായ അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ചും ഞങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന ഭേദഗതികളെക്കുറിച്ചും ചര്‍ച്ച നടന്നു,’ അദ്ദേഹം പറഞ്ഞു.
സന്നിഹിതരായവര്‍ അഭിപ്രായം പറഞ്ഞെന്നും തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും മൂവരുടെയും അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ജയറാം രമേശ് പറഞ്ഞു.