ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുന്‍ അധ്യക്ഷരായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് മൂന്നു പേരാണ് ഇടംപിടിച്ചിരിക്കുന്നത്.
ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിനു നിലവിലെ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടിരുന്നു. ഇതിനു പകരമായാണു ഇടക്കാല സ്റ്റിയറിങ് കമ്മിറ്റി പ്രവര്‍ത്തിക്കുക. പാര്‍ട്ടി പ്ലീനറി സമ്മേളനത്തില്‍ ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെട്ടത് അംഗീകരിച്ച് പുതിയ പ്രവര്‍ത്തക സമിതി രൂപീകരിക്കപ്പെടുന്നതു വരെയായിരിക്കും സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.
”ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണഘടനയുടെ അനുച്‌ഛേദം 15 (ബി) അനുസരിച്ച്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു പകരം പ്രവര്‍ത്തിക്കുന്ന സ്റ്റിയറിങ് കമ്മിറ്റിക്കു കോണ്‍ഗ്രസ് അധ്യക്ഷന്‍ രൂപം നല്‍കി,” സംഘടനാ ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ അറിയിച്ചു.
പുതിയ അധ്യക്ഷനു സ്വന്തം ടീമിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി എല്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും ഭാരവാഹികളും ഖാര്‍ഗെയ്ക്കു രാജിക്കത്ത് നല്‍കിയിരുന്നു.
പ്രവര്‍ത്തക സമിതിയിലെ ഭൂരിഭാഗം അംഗങ്ങളെയും സ്റ്റിയറിങ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്കാ ഗാന്ധി,അംബികാ സോണി, ആനന്ദ് ശര്‍മ, രണ്‍ദീപ് സുര്‍ജേവാല, ദിഗ്വിജയ സിങ് എന്നിവരും കമ്മിറ്റിയിലുണ്ട്.
കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന സമിതിയാണു പ്രവര്‍ത്തക സമിതി. മുഴുവന്‍ പി സി സി പ്രതിനിധികളും പങ്കെടുക്കുന്ന പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നതു വരെ സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും തീരുമാനങ്ങള്‍ കൈക്കൊള്ളുക. പ്ലീനറി സമ്മേളനം അടുത്ത വര്‍ഷം മാര്‍ച്ചില്‍ സമ്മേളനം നടക്കാനാണ് സാധ്യത.
പുതിയ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍:
സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഡോ. മനു അഭിഷേക് സിങ്വി, അജയ് മാക്കന്‍, അംബിക സോണി, ആനന്ദ് ശര്‍മ, അവിനാശ് പാണ്ഡെ, ഗൈഖംഗം, ഹരീഷ് റാവത്ത്, ജയ്റാം രമേശ്, ജിതേന്ദ്ര സിങ്, സെല്‍ജ, കെ സി വേണുഗോപാല്‍, ലാല്‍തന്‍ഹാവ്‌ല, മുകുള്‍ വാസ്നിക്, ഉമ്മന്‍ ചാണ്ടി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, രഘുബീര്‍ മീണ, താരിഖ് അന്‍വര്‍, എ ചെല്ലകുമാര്‍, ഡോ. അജോയ് കുമാര്‍, അധിര്‍ രഞ്ജന്‍ ചൗധരി, ഭക്ത ചരന്‍ ദാസ്, ദേവേന്ദ്ര യാദവ്, ദിഗ്വിജയ് സിങ്, ദിനേശ് ഗുണ്ടുറാവു, ഹരീഷ് ചൗധരി, എച്ച് കെ പാട്ടീല്‍, ജയ് പ്രകാശ് അഗര്‍വാള്‍, കെ എച്ച് മുനിയപ്പ, ബി മാണിക്കം ടാഗോര്‍, മനീഷ് ചത്രത്ത്, മീരാ കുമാര്‍, പി എല്‍ പുനിയ, പവന്‍കുമാര്‍ ബന്‍സാല്‍, പ്രമോദ് തിവാരി, രജനി പാട്ടീല്‍, ഡോ. രഘുശര്‍മ, രാജീവ് ശുക്ല, സല്‍മാന്‍ ഖുര്‍ഷിദ്, ശക്തിസിങ് ഗോഹില്‍, ടി സുബ്ബിരാമി റെഡ്ഡി, താരിഖ് ഹാമിദ് കറ.