ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. പതിറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാള്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്നത്. ശശി തരൂര്‍ എംപിയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സോണിയ ഗാന്ധിക്ക് പകരക്കാരനായാണ് ഖാര്‍ഗെ എത്തുന്നത്.
അധ്യക്ഷനായ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വൈകാരികമായാണ് ഖാര്‍ഗെ സംസാരിച്ചത്. “ഇതെനിക്ക് വളരെ വൈകാരികമായ നിമിഷമാണ്. ഒരു തൊഴിലാളിയുടെ മകന്‍, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുന്നു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ ലഭിച്ച അവസരം അഭിമാനം നല്‍കുന്ന ഒന്നാണ്,” ഖാര്‍ഗെ പറഞ്ഞു.
“കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി നേതാവായി 1969-ലാണ് ഞാന്‍ എന്റെ യാത്ര തുടങ്ങിയത്. മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും പോലുള്ളവർ നയിച്ച പാർട്ടിയായ കോൺഗ്രസിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുക എന്നത് അഭിമാനകരമായ ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പ്രസിഡന്റ് എന്ന നിലയിൽ, പ്രവര്‍ത്തകരെ പരിപാലിക്കേണ്ടത് എന്റെ കടമയാണ്. നമുക്ക് ഒത്തു ചേര്‍ന്ന് തുല്യതയുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാം. ഈ രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുകയും എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുകയും തുല്യ അവസരങ്ങൾ നൽകുകയും ചെയ്യും, വിദ്വേഷം പടർത്തുന്നവരെ പരാജയപ്പെടുത്തുകയും വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി എന്നിവയ്ക്കെതിരെ പോരാടുകയും ചെയ്യും,” പാർട്ടി അധ്യക്ഷൻ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെപ്പറ്റിയും ഖാര്‍ഗെ പറഞ്ഞു. “നമ്മുടെ പാര്‍ട്ടിയുടെ ശക്തി ഈ തിരഞ്ഞെടുപ്പുകളില്‍ തെളിയിക്കണം. കഠിനാധ്വാനം ചെയ്താല്‍ നമുക്ക് വിജയം കൈവരിക്കാന്‍ കഴിയും. നമ്മള്‍ മഹാത്മ ഗാന്ധിയുടെ പടയാളികളാണ്, നമ്മള്‍ ആരെയും ഭയപ്പെടുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഭയം ഇല്ലാതായാല്‍ ഏത് വലിയ സാമ്രാജ്യവും കീഴടക്കാനാകും,” അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വളരെയധികം ഉത്തരവാദിത്തങ്ങള്‍ ഉള്ളതാണെന്നും താന്‍ ആത്മാര്‍ഥപൂര്‍വം അത് നിറവേറ്റാന്‍ ശ്രമിച്ചിരുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. പുതിയ അധ്യക്ഷനായ ഖാര്‍ഗെയെ സോണിയ അഭിനന്ദിക്കുകയും ചെയ്തു.
“മാറ്റം ലോകത്തിന്റെ നിയമമാണ്. കോണ്‍ഗ്രസ് ഇതിന് മുന്‍പും പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങളെയും അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്,” സോണിയ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ രാജ്ഘട്ടിലെത്തിയ ഖാര്‍ഗെ മഹാത്മ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചിരുന്നു. കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഔപചാരികമായി തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഖാർഗെക്ക് കൈമാറി. സോണിയ ഗാന്ധിക്ക് പുറമെ, മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വസതിയിലെത്തിയും ഖാര്‍ഗെ സന്ദര്‍ശിച്ചു. അല്‍പ്പസമയം മന്‍മോഹനൊപ്പവും ചെലവഴിച്ചു.
പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് ഖാര്‍ഗെയുടെ വരവ്. രാജ്യത്തെ ജനങ്ങളുമായി കോണ്‍ഗ്രസിനെ വീണ്ടും ഒന്നിപ്പിക്കുക എന്ന സുപ്രധാന ദൗത്യമാണ് മുതിര്‍ന്ന നേതാവിനുള്ളത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് 11 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതായിരിക്കും ഖാര്‍ഗെയെ കാത്തിരിക്കുന്ന വലിയ പരീക്ഷണം.