ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം പുരോഗമിക്കെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്മെന്റ് നടപടികള്‍ അടഞ്ഞ അദ്ധ്യായമാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം വിശദീകരിച്ചത്.
ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്മെന്റിനുള്ള ഒരുക്കം ആരംഭിച്ചത് കോണ്‍ഗ്രസ് തന്നെയാണ് എങ്കിലും പിന്നീട് നീക്കം ഉപേക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍സിപി, എസ്‌പി, ബിഎസ്‌പി എന്നീ പാര്‍ട്ടികളില്‍ നിന്നായി കുറഞ്ഞത് 60 എംപിമാരാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ട പ്രകാരം ഇംപീച്ച്മെന്റ് നീക്കത്തില്‍ ഒപ്പുവച്ചത്. അറുപത് എംപിമാരുടെ ഒപ്പ് ഉണ്ടെങ്കില്‍ ഇംപീച്ച്മെന്റിനുള്ള നടപടി തുടങ്ങാം എന്നിരിക്കെയാണ് കോണ്‍ഗ്രസ് ഈ നീക്കത്തില്‍ നിന്നും പിന്മാറുന്നത്.
ദ്രാവിഡ മുന്നേറ്റ കഴകം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇംപീച്ച്മെന്റ് നടപടിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ കോണ്‍ഗ്രസില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായങ്ങള്‍ ഉടലെടുത്തു എന്നാണ് ഒരു മുതിര്‍ന്ന നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ‘ 60 പേര്‍ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമ്പോള്‍ 40 പേര്‍ അതിനെ എതിര്‍ക്കുകയായിരുന്നു” നേതാവ് പറഞ്ഞു.
ഇംപീച്ച്മെന്റ് നീക്കങ്ങളെ കുറിച്ച് ആരാഞ്ഞപ്പോള്‍ അത് അടഞ്ഞ അദ്ധ്യായമാണ് എന്നായിരുന്നു മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. “ഇല്ല, അതടഞ്ഞ അദ്ധ്യായമാണ്. അതിലൊരു ചോദ്യവുമില്ല. പിന്നെ ലോക്‌സഭയില്‍ ഞങ്ങളായിട്ട് ആ നീക്കത്തിന് നേതൃത്വം കൊടുത്തിട്ടില്ല. രാജ്യസഭയില്‍ അത് ചര്‍ച്ചയായിട്ടുണ്ടായിരുന്നു” ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന്റെ അവസാന നാളില്‍ പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്മെന്റിനുള്ള നടപടികള്‍ ആരംഭിക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്.
ജനുവരി പതിനൊന്നാം തീയതി പത്രസമ്മേളനം നടത്തിയ സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാർ വാര്‍ത്താസമ്മേളനം നടത്തുന്നതും തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇംപീച്ച്മെന്‍റ് നടപടികള്‍ നേരിടേണ്ടി വരുന്നതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.
ചിഫ് ജസ്റ്റിസ് സ്വയം തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ബെഞ്ചുകള്‍ രൂപീകരിക്കുമ്പോള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നുമായിരുന്നു അവര്‍ ഉയര്‍ത്തിയ പ്രധാന ആരോപണം. ദീപക് മിശ്രയ്ക്കെതിരെ വെളിപ്പെടുത്തലുമായി വന്നത് ചെലമേശ്വര്‍, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ്, ഗോഗോയ് എന്നീ ജസ്റ്റിസുമാരാണ്.