ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. രാജിവച്ച എംഎല്‍എമാരുമായി ചര്‍ച്ച നടത്തി സര്‍ക്കാരിനെ താങ്ങി നിര്‍ത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്.

മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി കളഞ്ഞു. അത്തരം വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്ന് ഖാര്‍ഗെ പ്രതികരിച്ചു. ഇപ്പോഴത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹം. സഖ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. രാജിവച്ച ഏതാനും എംഎല്‍എമാര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, രാജി വച്ച എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്നും പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്നുമാണ് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറയുന്നത്.

‘എല്ലാം കാത്തിരുന്ന് കാണൂ’ എന്നാണ് ബിജെപി പറയുന്നത്. കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ എന്നാണ് ബി.എസ്.യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. കുമാരസ്വാമിയും സിദ്ധരാമയ്യയും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

Read Also: രാഹുലിന് പിന്നാലെ കേശവ് ചന്ദും; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജിവച്ചു

ജെ.​ഡി.​എ​സി​ൽ​നി​ന്നും മൂ​ന്നും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ഒമ്പതും ഉൾപ്പടെ 12 എം.എൽ.എമാരാണ് തി​ങ്ക​ളാ​ഴ്ച രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. നേരത്തെ രാജി വെച്ച ഒരു എം.എൽ.എ അടക്കം ആ​കെ 13 പേ​ർ രാ​ജി ന​ൽ​കി​യ​തോ​ടെ സ​ഖ്യ​സ​ർ​ക്കാ​രിന്റെ അം​ഗ​ബ​ലം 106 ആ​യി കു​റ​ഞ്ഞ് ബി.​ജെ.​പി​യേക്കാൾ ഒരു സീറ്റ്​ മുൻതൂക്കം മാത്രമായി. 224 അംഗ സഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോൺഗ്രസ് – ദൾ സഖ്യത്തിന് 119 സീറ്റാണുള്ളത്. 105 സീറ്റ് ബിജെപിക്കുണ്ട്. എട്ടു സീറ്റു കൂടി ലഭിച്ചാൽ ബിജെപിക്കു സർക്കാരുണ്ടാക്കാം.

കൂട്ടരാജിക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് വാദവുമായി ബിജെപി രംഗത്തെത്തി. കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും സഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവായ സദാനന്ദ ഗൗഡ അവകാശപ്പെടുന്നത് ബിജെപിയുടെ പ്രതീക്ഷയാണ് കാണിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook