ബെംഗളൂരു: സംഝോത എക്പ്രസ്സ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങി 2006-2008 കാലയളവില്‍ രാജ്യത്ത് നടന്ന സ്‌ഫോടനക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന ഹിന്ദു സംഘടനയായ അഭിനവ് ഭാരതിലെ നാല് അംഗങ്ങള്‍ക്ക്, 2011-16 കാലയളവില്‍ സനാതന്‍ സന്‍സ്തയിലെ ബോംബ് നിര്‍മ്മാണ പരിശീലന ക്യാമ്പുമായി ബന്ധമുണ്ടായിരുന്നതായി കര്‍ണാടക പൊലീസിന്റെ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസു മായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ 14 പ്രതികളില്‍ ഒരാളും ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിങ് ഠാക്കൂറിന് അഭിനവ് ഭാരതിലെ ഒളിവില്‍ പോയ രണ്ട് അംഗങ്ങളായ റാംജി കല്‍സങ്കര, സന്ദീപ് ഡാംഗെ എന്നിവരുമായി ബന്ധമുണ്ട്. ഈ രണ്ടുപേരും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളാണ്.

സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള മൂന്ന് പേരെ ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം രേഖകളില്‍ പറയുന്നു. കൂടാതെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത നാല് പേരും ‘ബാബാജി’യുടേയും നാല് ‘ഗുരുജിമാരു’ടേയും സാന്നിദ്ധ്യം ബോംബ് നിര്‍മ്മാണ് ക്യാമ്പില്‍ ഉള്ളതായും വെളിപ്പെടുത്തിയിട്ടുണ്ട്.

2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലെ പ്രതിയായ അഭിനവ് ഭാരത് അംഗം സുരേഷ് നായരാണ് ‘ബാബാജി’ എന്നറിയപ്പെടുന്നയാള്‍ എന്ന് അറസ്റ്റിന് ശേഷം തിരിച്ചറിഞ്ഞു.

സുരേഷ് നായരെ അറസ്റ്റ് ചെയ്‌പ്പോഴാണ് സന്‍സ്തയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് പേര്‍ ഡാംഗെ, കല്‍സങ്കാര, അശ്വിനി ചൗഹാന്‍ എന്നിവരാണെന്ന് വെളിപ്പെട്ടത്. സംഝോത എക്പ്രസ് സ്‌ഫോടനക്കേസിലെയും പ്രതികളാണ് ഇവര്‍.

പരിശീലന ക്യാംപില്‍ പങ്കെടുത്ത അഞ്ചാമത്തെയാള്‍ പ്രതാപ് ഹസ്രയാണ്. പശ്ചിമ ബംഗാളിലെ ഹിന്ദുത്വ സംഘടനയായ ഭവാനി സേനയിലെ അംഗമാണ് ഇയാള്‍.

2006നും 2008നും ഇടയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 117 പേരാണ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട ഈ സംഘടനയിലെ അംഗങ്ങളെ അടുത്തിടെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളും ‘ബോംബ് വിദഗ്ധരെ’ നേരില്‍ കണ്ടവരുമായവര്‍ നല്‍കുന്ന മൊഴി പ്രകാരം ‘ഗസ്റ്റ് പരിശീലകരു’ടെ രൂപരേഖ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക വിശകലനത്തിലൂടെ ഇവരുടെ സ്ഥലം കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം നല്‍കിയ വിവര പ്രകാരം ‘ബാബാജി’ എന്നറിയപ്പെടുന്ന സുരേഷ് നായരെ ഗുജറാത്ത് എടിഎസ് 2018 നവംബറില്‍ ബറൂച്ചില്‍ വച്ച് അറസ്റ്റ് ചെയ്തിട്ടുള്ളതായി പൊലീസ് കരുതുന്നു. ക്യാംപിലെ മറ്റു പരിശീലകരുടെ രേഖാ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ ഇവര്‍ ഡാംഗെ, കല്‍സങ്കര, അശ്വിനി ചൗഹാന്‍ എന്നിവരാണെന്ന് സുരേഷ് നായര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook